LiveTV

Live

Kerala

ചെറുകിട തേയിലകര്‍ഷകര്‍ക്ക് ആശ്വാസമായി ഇ ലേലം

ചെറുകിട തേയിലകര്‍ഷകര്‍ക്ക് ആശ്വാസമായി ഇ ലേലം
Summary
ഇടനിലക്കാരെ ഒഴിവാക്കി ഇ ലേലം വഴി തങ്ങളുടെ പച്ചകൊളുന്തിന് നല്ല വില ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു...

കേരളത്തിലെ ഇരുപതിനായിരത്തോളം വരുന്ന ചെറുകിട തേയില തോട്ട ഉടമകള്‍ക്ക് ആശ്വാസമായി തേയില കൊളുന്ത് ഇ ലേലം വഴി ശേഖരിക്കാനുള്ള നടപടികള്‍ ഫെബ്രുവരി 2 ന് ആരംഭിക്കും. ഇതോടെ പ്രതിസന്ധിയിലായിരുന്ന ചെറുകിട കര്‍ഷകര്‍ക്ക് തങ്ങളുടെ കൊളുന്തിന് നല്ല വില ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളത്.

ഇടുക്കി ഉള്‍പ്പടെയുള്ള സംസ്ഥാനത്തെ ചെറുകിട തേയില കര്‍ഷകരുടെ പ്രധാന ആവശ്യങ്ങളില്‍ ഒന്നായിരുന്നു ഇ ലേലം. ഇടനിലക്കാരെ ഒഴിവാക്കി ഇ ലേലം വഴി തങ്ങളുടെ പച്ചകൊളുന്തിന് നല്ല വില ലഭിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ പച്ചകൊളുന്തിന് കിലോയ്ക്ക് എട്ടു രൂപ മുതല്‍ 15 രൂപവരെയാണ് ലഭിക്കുന്നത്. മുന്‍കാലങ്ങളില്‍ ഇരുപത്തിയേഴ് രൂപവരെ ലഭിച്ചിരുന്നു. ഇടനിലക്കാരാണ് കൊളുന്തിന് വിലയിടിക്കുന്നതെന്ന് ചെറുകിട കര്‍ഷകര്‍ പറയുന്നു. മറ്റ് സംസ്ഥാനങ്ങളില്‍ കൊളുന്ത് ഈ ലേലം വഴി ആവശ്യക്കാര്‍ നേരിട്ടാണ് വാങ്ങുന്നത്.

ഇടനിലക്കാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് സംസ്ഥാനത്ത് ടീ ബോര്‍ഡ് ഈ ലേലം നടപ്പാക്കാത്തതെന്ന് ആരോപിച്ച് നിരവധി സമരങ്ങളാണ് കര്‍ഷകര്‍ നടത്തിയത്. ഇതിനൊടുവിലാണ് തേയില കൊളുന്തിന് ഈ ലേലം ഏര്‍പ്പെടുത്താന്‍ ബോര്‍ഡ് തീരുമാനിച്ചത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടം തിരയുന്ന കര്‍ഷകര്‍ക്ക് ആശ്വാസമാവുകയാണ് ഈ നടപടി.