LiveTV

Live

Kerala

സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല

സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഢാലോചനയെന്ന് ചെന്നിത്തല
Summary
നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് സഹകരണ മേഖലയിലെ പ്രതിസന്ധി സംബന്ധിച്ച് രാഷ്ട്രപതിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് പ്രതിനിധി സംഘം രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുമായി കൂടിക്കാഴ്ച നടത്തി. നോട്ടസാധുവാക്കല്‍ മൂലം പ്രതിസന്ധിയിലാ യ കേരളത്തിലെ സഹകര മേഖലയെ സംരക്ഷിക്കുന്നതിന് ഇടപെടണം എന്ന് ആവശ്യപ്പെട്ടായിരുന്നു കൂടിക്കാഴ്ച. സഹകരണ മേഖലക്കേര്‍പ്പെടുത്തിയ നിയന്ത്രണം ഗുഢാലോചനയാണെന്ന കാര്യം രാഷ്ട്രപതിയെ അറിയിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു.

നോട്ടസാധുവാക്കലിന് പിന്നാലെ, സഹകരണ സ്ഥാപനങ്ങള്‍ക്ക് ബാങ്കിംഗ് ഇടപാടുകള്‍ക്കുള്ള അനുമതി നിഷേധിക്കപ്പെട്ടത് ജനങ്ങള്‍ക്ക് ഇരട്ട പ്രതിസന്ധിയുണ്ടാക്കിയെന്നും ഇക്കാര്യത്തില്‍ ഇടപെടണമെന്നുമാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ട് യുഡിഎഫ് പ്രതിനിധി സംഘം ആവശ്യപ്പെട്ടത്. സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടോയെന്ന് സംശയം രാഷ്ട്രപതിയോടുന്നയിച്ചതായി സംഘം അറിയിച്ചു.

കേരളത്തിന്റെ വെട്ടിക്കുറിച്ച റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്നതിനുള്ള ഇടപെടല്‍ നടത്തണമെന്നും സംഘം രാഷ്ട്രപതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ചക്ക് മുമ്പ് നേതാക്കള്‍ ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയെയും കണ്ടിരുന്നു. സഹകരണ ബാങ്ക് വിഷയത്തിലെ നിലാപാട് കേന്ദ്രം പുനപ്പരിശോധിക്കണമെന്ന് ജെയ്റ്റിലിയോട് ആവശ്യപ്പെട്ടതായി ചെന്നിത്തല പറഞ്ഞു.

രമേശ് ചെന്നിത്തലക്ക് പുറമെ, പികെ കുഞ്ഞാലിക്കുട്ടി, എന്‍കെ പ്രേമചന്ദ്രന്‍, അനൂപ് ജേക്കബ്, സിപി ജോണ്‍, വര്‍ഗീസ് ജോര്‍ജ്ജ് തുടങ്ങിയ ഘടകക്ഷി നേതാക്കളും സംഘത്തിലുണ്ടായിരുന്നു.