LiveTV

Live

Kerala

വിദ്യാഭ്യാസരംഗത്തെ കേരളാ മോഡല്‍ പ്രതിസന്ധിയിലോ?

വിദ്യാഭ്യാസരംഗത്തെ കേരളാ മോഡല്‍ പ്രതിസന്ധിയിലോ?
Summary
ഐക്യകേരളചരിത്രത്തിലെ ആറ് പതിറ്റാണ്ടിനിപ്പുറം വിദ്യാഭ്യാസരംഗത്തെ കേരളാ മോഡല്‍ മറ്റൊരു നിര്‍ണായക ഘട്ടത്തിലാണ്...

കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ കേരളത്തിലെ പ്രൈമറി വിദ്യാഭ്യാസരംഗം പല പരിണാമങ്ങള്‍ക്കും വിധേയമായി. ഇക്കാലത്ത് കേരളം കണ്ട പലസുപ്രധാന സമരങ്ങള്‍ക്കും അതത് സര്‍ക്കാരുകളുടെ വിദ്യാഭ്യാസ നയങ്ങള്‍ പ്രധാനകാരണമായെന്നത് ചരിത്രം. രാജ്യത്തിനാകെ മാതൃകയായതെന്ന് വാഴ്ത്തപ്പെട്ട കേരളത്തിലെ പൊതുവിദ്യാഭ്യാസ ശ്രംഖല പ്രതിസന്ധിയെ അഭിമുഖീകരിക്കുന്ന കാഴ്ചയാണ് ഇപ്പോഴത്തേത്.

ഐക്യകേരളത്തിലെ ആദ്യസര്‍ക്കാരിന്റെ വിദ്യാഭ്യാസ ബില്‍ തന്നെ ആ സര്‍ക്കാരിന്റെ പതനത്തിന് വഴിവെച്ച സമരപരമ്പരയ്ക്ക് തുടക്കം കുറിക്കുന്നതിന് പ്രധാന കാരണങ്ങളിലൊന്നായെങ്കിലും. പ്രൈമറി വിദ്യാഭ്യാസ രംഗത്ത് ഇന്ത്യക്കാകെ മാതൃകയാക്കാവുന്ന നേട്ടം കൈവരിക്കാന്‍ കഴിഞ്ഞ ആറ് പതിറ്റാണ്ടിനിടെ കേരളത്തിനായി. സാക്ഷരതാ നിരക്കില്‍ രാജ്യത്ത് ഒന്നാംസ്ഥാനം മുതല്‍ സ്‌കൂള്‍ ഡ്രോപ് ഔട്ട് ഏറ്റവും കുറഞ്ഞ നിരക്കുള്ള സംസ്ഥാനമായി മാറാന്‍ കഴിഞ്ഞത് വരെ നേട്ടങ്ങള്‍ ഏറെ. പലഘട്ടങ്ങളിലൂടെ കടന്ന് കേരളത്തിലെ പ്രാഥമികവിദ്യാഭ്യാസ പാഠപദ്ധതി സമഗ്രമായ മാറ്റത്തിനു വിധേയമായി കഴിഞ്ഞു. ഏറെ വിവാദത്തിനും ചര്‍ച്ചയ്ക്കും വഴിമരുന്നിട്ട ഡിപിഇപി മുതല്‍ പുതിയ കാലത്തെ നിരന്തര മൂല്യനിയന്ത്രണം വരെയെത്തി നില്‍ക്കുന്ന സമഗ്രപരിഷ്‌കാരത്തിന് വിദ്യാഭ്യാസ രംഗം വിധേയമായി.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്‌ഡെഡ് മേഖലകളിലായി കേരളത്തില്‍ 14479 സ്‌കൂളുകളാണ് ഉള്ളത്. കണക്കുകള്‍ പ്രകാരം കേരളത്തില്‍ പൊതുവിദ്യാഭ്യാസം കൂടുതല്‍ ആശ്രയിച്ചിരിക്കുന്നത് എയ്ഡഡ് മേഖലയെയാണ്. 45,39,000 വിദ്യാര്‍ഥികളാണ് കേരളത്തിലിപ്പോള്‍ സ്‌കൂള്‍ തലത്തിലുള്ളത് പൊതു വിദ്യാഭ്യാസ മേഖലയില്‍ നിന്ന് അണ്‍എയിഡഡ് സ്‌കുളുകളിലേക്കുള്ള വിദ്യാര്‍ത്ഥികളുടെ കൊഴിഞ്ഞ് പോക്ക് വ്യാപകമായിരിക്കുന്നു.

പല എയ്ഡഡ് സ്‌കൂളുകളും അണ്‍ഇക്കണോമിക് എന്ന് പ്രഖ്യാപിച്ച് അടച്ചു പൂട്ടാന്‍ കാത്തിരിക്കുകയാണ്. പൊതുവിദ്യാഭ്യാസത്തെ സംരക്ഷിക്കാനുള്ള ശ്രമങ്ങളും കുറവല്ല. എന്നാല്‍ പൊതു വിദ്യാഭ്യാസം നിലവാരത്തകര്‍ച്ചയെ നേരിടുന്നുവെന്ന മുറവിളിക്ക് പക്ഷേ ഇപ്പോഴും കുറവൊന്നുമില്ല. ഐക്യകേരളചരിത്രത്തിലെ ആറ് പതിറ്റാണ്ടിനിപ്പുറം വിദ്യാഭ്യാസരംഗത്തെ കേരളാ മോഡല്‍ മറ്റൊരു നിര്‍ണായക ഘട്ടത്തിലെന്ന് ചുരുക്കം.