LiveTV

Live

Kerala

മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്

മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്
Summary
പുറം ബണ്ട് ശക്തിപ്പെടുത്തല്‍ അവസാനിച്ചതോടെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന നടപടികള്‍ ആരംഭിച്ചു.

മെത്രാന്‍ കായലില്‍ കൃഷിയിറക്കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലേക്ക്. പുറം ബണ്ട് ശക്തിപ്പെടുത്തല്‍ അവസാനിച്ചതോടെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന നടപടികള്‍ ആരംഭിച്ചു. നവംബര്‍ ആദ്യം തന്നെ കൃഷി സാധ്യമാകുമെന്ന് കൃഷിവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

എട്ട് വര്‍ഷമായി തരിശുകിടക്കുന്ന കുമരകത്തെ മെത്രാന്‍ കായലില്‍ കൃഷിയിറക്കാന്‍ മുന്നിട്ടിറങ്ങുന്ന കര്‍ഷകര്‍ക്ക് അതിനുള്ള അവസരമുണ്ടാക്കുമെന്നായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. ഇതിനായി 25 ഏക്കര്‍ പാടത്ത് പുറംബണ്ട് ബലപ്പെടുത്തുന്ന നടപടികള്‍ അവസാനിച്ചതോടെ വെള്ളം പമ്പ് ചെയ്ത് വറ്റിക്കുന്ന നടപടിയാണ് തുടരുന്നത്. മൂന്ന് മോട്ടര്‍ തറകളൊരുക്കിയാണ് പാടശേഖരത്തെ വെള്ളം വറ്റിക്കുന്നത്.

25 ഏക്കറില്‍ കൃഷിയിറക്കാന്‍ ഉടമസ്ഥര്‍ തയാറായതിന് പുറമെ കുമരകം പഞ്ചായത്തിലെ കുടുംബശ്രീ, പുരുഷ സ്വയം സഹായ സംഘങ്ങളും മുന്നിട്ടിറങ്ങാന്‍ തയ്യാറെന്ന് അധികൃതരെ അറിയിച്ചുകഴിഞ്ഞു. ഒപ്പം പാടശേഖര സമിതികള്‍ക്ക് മുന്‍ഗണന നല്‍കാന്‍ ജില്ലാ കലക്ടര്‍ സി എ ലത നിര്‍ദ്ദേശം നല്‍കി. പമ്പിംഗ് നടത്തി വെള്ളം വറ്റിക്കല്‍ പൂര്‍ത്തിയാകുന്നതോടെ ഉടമസ്ഥരുടെ നിലം കണ്ടെത്തി നെല്ലു വിതയ്ക്കാനുള്ള പ്രാഥമിക ജോലികള്‍ ആരംഭിക്കുമെന്ന് കൃഷിവകുപ്പ് വ്യക്തമാക്കി. മിച്ച ഭൂമിയൊഴികെ 404 ഏക്കര്‍ നെല്‍പ്പാടമാണ് മെത്രാന്‍കായല്‍. ഇതില്‍ 378 ഏക്കര്‍ ദുബായ് ആസ്ഥാനമായ റാക് ഇന്‍ഡോ കമ്പനിയുടെ പക്കലാണ്. സര്‍ക്കാരുമായി തര്‍ക്കത്തില്‍ നില്‍ക്കുന്ന കമ്പനിയോട് നെല്‍കൃഷിയിറക്കാന്‍ തയ്യാറെങ്കില്‍ അത് സര്‍ക്കാരിനെ അറിയിക്കാനും ജില്ലാ ഭരണകൂടം നിര്‍ദ്ദേശിച്ചു.