LiveTV

Live

Kerala

വി വി ദക്ഷിണാമൂര്‍ത്തിയുടെ മൃതദേഹം സംസ്കരിച്ചു

വി വി ദക്ഷിണാമൂര്‍ത്തിയുടെ മൃതദേഹം സംസ്കരിച്ചു
Summary
കോഴിക്കോട് നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്മനാട്ടിലെത്തിച്ചത്

ഇന്നലെ അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവ് വി വി ദക്ഷിണാമൂര്‍ത്തിക്ക് ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കോഴിക്കോട് പാലേരിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. സിപിഎം കോഴിക്കോട് ജില്ലാ കമ്മറ്റി ഓഫീസില്‍ നിന്നും വിലാപയാത്രയായാണ് മൃതദേഹം ജന്‍മനാട്ടിലെത്തിച്ചത്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായിരുന്ന വി വി ദക്ഷിണാമൂര്‍ത്തിക്ക് വികാര നിര്‍ഭരമായ യാത്രയയപ്പാണ് കോഴിക്കോട് നല്‍കിയത്. സിപിഎം ജില്ലാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അന്തിമോപചാരമര്‍പ്പിച്ചു.
മന്ത്രിമാരായ തോമസ് ഐസക്, എ കെ ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍ തുടങ്ങിയവരും അന്തിമോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു. തുടര്‍ന്ന് രാവിലെ 8.30ഓടെ മൃതദേഹം വിലാപയാത്രയായി ജന്‍മനാട്ടിലേക്ക്. പേരാമ്പ്ര ഏരിയാ കമ്മറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിനു വെച്ച മൃതദേഹം അവസാനമായി കാണാന്‍ നൂറുകണക്കിന് ആളുകളാണ് എത്തിയത്. അധ്യാപകനായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ച വടക്കുമ്പാട് ഹയര്‍ സെക്കന്‍ററി സ്കൂളില്‍ പൊതുദര്‍ശനത്തിനു വെച്ച ശേഷം മൃതദേഹം പാലേരിയിലെ വീട്ടിലെത്തിച്ചു. ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം. മക്കളായ അജയകുമാര്‍, പ്രസാദ് എന്നിവര്‍ ചേര്‍ന്ന് ചിതക്ക് തീകൊളുത്തി.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ടി പി രാമകൃഷ്ണന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചു.