LiveTV

Live

Kerala

ബെവ്‌കോയിലെ അമിത ബോണസിനെതിരെ ധനവകുപ്പ്

ബെവ്‌കോയിലെ അമിത ബോണസിനെതിരെ ധനവകുപ്പ്
Summary
കെഎസ്ആര്‍ടിസിയില്‍ ശമ്പളം പോലും നല്‍കാനാവാത്ത സാഹചര്യത്തില്‍ ധൂര്‍ത്ത് അനുവദിക്കാനാവില്ലെന്ന് ധനവകുപ്പ്.

ബിവറേജസ് കോര്‍പറേഷനിലെ ജീവനക്കാര്‍ക്ക് അമിത ബോണസ് നല്‍കുന്നതിനെതിരെ ധനവകുപ്പ്. കെ എസ് ആര്‍ ടി സിയില്‍ ശമ്പളം നല്‍കാന്‍ പോലും പ്രയാസപ്പെടുമ്പോള്‍ ഉയര്‍ന്ന ബോണസ് നല്‍കുന്നത് ന്യായീകരിക്കാനാവില്ലെന്ന് കാട്ടി ധനവകുപ്പ് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. എന്നാല്‍ ബോണസിന്റെ കാര്യത്തില്‍ ജീവനക്കാര്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുമെന്ന് എക്സൈസ് - തൊഴില്‍ വകുപ്പ് മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഒരു പൊതുമേഖലാ സ്ഥാപനത്തിലും ഇല്ലാത്തവിധം ഉയര്‍ന്ന ബോണസാണ് ബിവറേജസ് കോര്‍പറേഷനില്‍ നല്‍കുന്നത്. 85000 രൂപ വരെയാണ് ബെവ്കോ ജീവനക്കാരുടെ ബോണസ്. 20 ശതമാനമാണ് ബോണസിന്റെ ഉയര്‍ന്ന പരിധി. ഇത് മറികടക്കാന്‍ 15 ശതമാനം ബോണസും ബാക്കി ഇന്‍സന്‍റീവ് എന്നും കാട്ടിയാണ് ബെവ്കോ ഉയര്‍ന്ന തുക നല്‍കുന്നത്. മറുവശത്ത് കെ എസ് ആര്‍ ടി സിയില്‍ ശമ്പളം നല്‍കാന്‍ പോലും കടം വാങ്ങേണ്ട അവസ്ഥയാണ്. പെന്‍ഷന്‍ മുടങ്ങുന്നു.

ബെവ്‌കോയിലെ അമിത ബോണസിനെതിരെ ധനവകുപ്പ്

ഇങ്ങനെയിരിക്കെ ബെവ്കോ മാത്രം അമിത ബോണസ് നല്‍കുന്നത് ധനവിനിയോഗത്തിലെ ഉത്തരവാദിത്തമില്ലായ്മയാണ് വെളിവാക്കുന്നതെന്ന് ധനവകുപ്പ് മുഖ്യമന്ത്രിക്ക് നല്‍കിയ കത്തില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ബെവ്കോയിലെ ജീവനക്കാര്‍ ഈ ബോണസ് അര്‍ഹിക്കുന്നുവെന്നാണ് എക്സൈസ്-തൊഴില്‍ വകുപ്പിന്റെ നിലപാട്. തൊഴിലാളി യൂണിയനുകളും മുഖ്യമന്ത്രിയുമായി ഇക്കാര്യത്തില്‍ ധാരണയായതാണ്. ഉത്തരവും ഇറങ്ങിക്കഴിഞ്ഞു.

അതിനാല്‍ ഈ വര്‍ഷത്തെ ബോണസ് നിശ്ചയിച്ച പ്രകാരം പൂര്‍ണമായും നല്‍കുമെന്നും എക്സൈസ്-തൊഴല്‍ മന്ത്രി ടി പി രാമകൃഷ്ണന്റെ ഓഫീസ് വ്യക്തമാക്കുന്നു. അതേസമയം, ഡെപ്യൂട്ടേഷനില്‍ ബെവ്കോയില്‍ ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് അടുത്ത വര്‍ഷം മുതല്‍ ഈ രീതിയില്‍ ബോണസ് നല്‍കില്ല. അവര്‍ക്ക് മാതൃസ്ഥാപനത്തില്‍ നല്‍കുന്ന ബോണസ് മാത്രമേ നല്‍കൂ. സര്‍ക്കാരിന്റേത് കടുത്ത വിവേചനമാണെന്ന് വി എം സുധീരന്‍ പ്രതികരിച്ചു