LiveTV

Live

Kerala

ബി.ജെ.പിയുടെ ബീഫ് മലപ്പുറത്ത് വേണ്ട; പച്ച തൊടാതെ കാവി രാഷ്ട്രീയം

ബി.ജെ.പിയുടെ ബീഫ് മലപ്പുറത്ത് വേണ്ട; പച്ച തൊടാതെ കാവി രാഷ്ട്രീയം
Summary
വോട്ട് ഇരട്ടിയാക്കുമെന്ന അവകാശവാദത്തിനൊത്ത പ്രകടനം പുറത്തെടുക്കാന്‍ കഴിയാതെ ബിജെപി

മോദിയുടെ ഭരണവും കൊണ്ട് മലപ്പുറത്ത് വോട്ട് പിടിക്കാനിറങ്ങിയ ബി.ജെ.പിക്ക് കനത്ത തിരിച്ചടി. ഒരു ലക്ഷത്തിലധികം വോട്ട് പിടിക്കുമെന്നായിരുന്നു പാര്‍ട്ടിയുടെഅവകാശവാദം. വോട്ടെണ്ണിതീര്‍ന്നപ്പോള്‍ 65,662 വോട്ട് മാത്രമാണ് ബി.ജെ.പിയുടെ എന്‍.ശ്രീ പ്രകാശ് നേടിയത്. 2014ല്‍ ലഭിച്ച 64,705 വോട്ടില്‍ നിന്നും അവകാശപ്പെട്ട വലിയ മുന്നേറ്റം നടത്താന്‍ ബിജെപിക്കായില്ല.

ഒന്നരലക്ഷത്തിലധികം പുതിയ വോട്ടര്‍മാരാണ് മലപ്പുറത്ത് ത്തവണ വോട്ട് രേഖപ്പെടുത്തിയത്. ഇതിനാനുപാതികമായുള്ള വോട്ട് ശതമാനം വര്‍ധിപ്പിക്കാനും ബി.ജെ.പിക്കായില്ല. മലപ്പുറത്തുണ്ടാകുന്ന മുന്നേറ്റം പാര്‍ട്ടിക്ക് കുതിപ്പേകുമെന്നും അതുവഴി 2019ലെ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ ആത്മവിശ്വാസത്തോടെ രംഗത്തിറങ്ങാമെന്നുമായിരുന്നു ബി.ജെ.പി കണക്ക് കൂട്ടിയിരുന്നത്. അതിനായി കെ.സുരേന്ദ്രനുള്‍പ്പടെയുള്ള നേതാക്കള്‍ മലപ്പുറത്ത് തമ്പടിച്ചെങ്കിലും രക്ഷക്കെത്തിയില്ല. നിലവാരമുള്ള ബീഫ് വിളമ്പുമെന്ന് വരെ ബിജെപി സ്ഥാനാര്‍ഥി പറഞ്ഞെങ്കിലും മലപ്പുറത്തെ ജനത തള്ളിക്കളഞ്ഞു.

ഉത്തരേന്ത്യയില്‍ ബീഫിന്റെ പേരില്‍ മുസ്‌ലിംകളെ തല്ലിക്കൊല്ലുമ്പോഴാണ് കേരള ബി.ജെ.പിയുടെ ബീഫ് പ്രേമം. ബി.ജെ.പിയുടെ ഈ ഇരട്ടത്താപ്പിനെ തുറന്നുകാട്ടി ഇരുമുന്നണികളും രംഗത്തെത്തിയതും ബി.ജെപിക്ക് കനത്ത പ്രഹരമായി. മാത്രമല്ല കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ (73447) നേടിയ വോട്ട് പോലും ബി.ജെ.പിക്ക് നേടാനായില്ലെന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം കനത്ത തിരിച്ചടിയായി.

2014ലില്‍ 7.58 ശതമാനം വോട്ട് നേടാന്‍ ബിജെപിക്ക് സാധിച്ചിരുന്നു. 64,705 വോട്ടുകളായിരുന്നു അന്ന് ബിജെപിക്ക് ലഭിച്ചത്. ഇത്തവണ 65,000ഓളം വോട്ടുകളാണ് ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന് നേടാനായത്. ഒന്നര ലക്ഷത്തിലധികം പുതിയ വോട്ടര്‍മാരാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിലുള്ളത്. ഇതിന് ആനുപാതികമായി ഇത്തവണ വോട്ട് ശതമാനം ഉയര്‍ത്താന്‍ ബി.ജെ.പിക്ക് സാധിച്ചില്ല. ദേശീയ രാഷ്ട്രീയത്തില്‍ ഗോവധ നിരോധനം പ്രധാന രാഷ്ട്രീയായുധമായ ബിജെപി, മലപ്പുറത്ത് വ്യത്യസ്തമായ നിലപാട് സ്വീകരിച്ചാണ് ന്യൂനപക്ഷ വോട്ടുകള്‍ ആകര്‍ഷിക്കാന്‍ ശ്രമിച്ചത്. ഗുണനിലവാരമുള്ള ബീഫ് നല്‍കുന്നതിന് ബീഫ് സ്റ്റാളുകള്‍ തുറക്കുമെന്ന ബിജെപി സ്ഥാനാര്‍ഥി എന്‍. ശ്രീപ്രകാശിന്റെ പ്രഖ്യാപനം വലിയ വാര്‍ത്തയായി.

സംസ്ഥാന നേതാക്കളെല്ലാം പ്രചാരണത്തിനിറങ്ങിയിട്ടും വോട്ടുകൾ കൂടാത്തത് കേന്ദ്രനേതൃത്വത്തിന്റെ വിമർശനം നേരിടേണ്ടിവരാം. പ്രത്യേകിച്ചും, അടുത്ത ലോക്‍സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ 11 സീറ്റുകൾ നേടണമെന്നു കേന്ദ്രനേതൃത്വം പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ.