ബിസിനസ് ആശയമുണ്ടോ: കോഴിക്കോട് എന്‍ഐറ്റി നിങ്ങളെ സ്വാഗതം ചെയ്യുന്നു

കേരളത്തിലെ ഒരു കോളജിലാദ്യമായി ബിസിനസ് ഇന്‍ക്യുബേറ്റര്‍ ആരംഭിച്ചത് കോഴിക്കോട്ടെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയാണ്. 2004 ല്‍ ആരംഭിച്ച ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്റര്‍ മുപ്പത്തിയേഴ് ബിസിനസ് സംരംഭങ്ങള്‍ക്കാണ് ഇതുവരെ ജന്മം നല്‍കിയിയത്. എന്‍ ഐ ടി കാലിക്കറ്റ് ടെക്നോളജി ബിസിനസ് ഇന്ക്യുബേറ്ററിനെക്കുറിച്ചാണ് ഇന്നത്തെ മീഡിയവണ്‍-മലബാര്‍ ഗോള്‍ഡ് ഗോകേരള.
കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ്, സയന്‍സ് ആന്‍ഡ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്മെന്റ് ബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെയാണ് എന്‍ ഐ ടി ടെക്നോളജി ബിസിനസ് ഇന്‍ക്യുബേറ്ററിന്റെ തുടക്കം. പന്ത്രണ്ട് വര്‍ഷം കൊണ്ട് അന്താരാഷ്ട്ര പ്രശസ്തമായ കമ്പനികളടക്കം മുപ്പത്തിയേഴ് സംരംഭങ്ങള്‍ ഇവിടെ നിന്നും പുറത്തിറങ്ങി. 750 ഓളം പേര് ജോലി ചെയ്യുന്ന ഈ കമ്പനികളുടെ കഴിഞ്ഞ വര്‍ഷത്തെ മാത്രം വിറ്റുവരവ് 30 കോടിയോളം രൂപ. സംരംഭങ്ങളിലധികവും ഐ ടി, ഇലക്ട്രോണിക്സ് മേഖലകളില്‍.
പതിനാല് കമ്പനികളാണ് നിലവില്‍ ഇന്ക്യുബേറ്ററിലുള്ളത്. ബിസിനസിനാവശ്യമായ അടിസ്ഥാന സൌകര്യങ്ങള്‍ക്കു പുറമേ സംരംഭകര്‍ക്കുള്ള പരിശീലനം, എന്‍ ഐ ടിയുടെ സാങ്കേതിക പിന്തുണ, കേന്ദ്ര സര്‍ക്കാറിന്റെ വായ്പാ സഹായം തുടങ്ങിയവയും ലഭിക്കുന്നു.
നവീനവും വ്യത്യസ്തവുമായ ബിസിനസ് ആശയങ്ങളുള്ള വിദ്യാര്‍ഥികള്‍ക്കും യുവസംരംഭകര്‍ക്കും ഇന്‍ക്യുബേറ്ററിനെ സമീപിക്കാം. സെലക്ഷന് കമ്മിറ്റി ഈ ആശയത്തെ വിലയിരുത്തി മികച്ചതെന്നു കണ്ടാല്‍ പ്രവേശനം നല്‍കും. നാനോ ടെക്നോളജി, ബയോടെക്നോളജി, ഊര്‍ജ്ജസംരക്ഷണം എന്നിവയിലധിഷ്ഠിതമായ ബിസിനസ് ആശയങ്ങള്ക്കുകൂടി ഇടം നല്‍കാനും എന്‍ ഐ ടി ഇന്‍ക്യുബേറ്ററിന് പദ്ധതിയുണ്ട്.