LiveTV

Live

Kerala

സുധാകര്‍ റെഡിയെ ജനറല്‍ സെക്രട്ടറിയായി നിലനിര്‍ത്താന്‍ കേരളഘടകത്തിന്റെ സമ്മര്‍ദം

Summary
ഡി രാജ വരുന്നതിനോട് സംസ്ഥാന ഘടകത്തിന് വിയോജിപ്പാണുള്ളത്. അതേസമയം കാനം രാജേന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വരാനുള്ള നീക്കം കേന്ദ്രത്തിലെ ഒരു വിഭാഗം നേതാക്കളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്.

സുധാകര്‍ റെഡിയെ സിപിഐ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിലനിര്‍ത്താന്‍ സമ്മര്‍ദ്ദവുമായി കേരള ഘടകം. കാനംപക്ഷമാണ് ഈ ആവശ്യം ഉയര്‍ത്തുന്നത്. കാനത്തെ ദേശീയ നേതൃത്വത്തിലേക്ക് അയക്കാനുള്ള നീക്കവും പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉണ്ടാകുമെന്നാണ് സൂചന.

ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് ഒഴിയുമെന്ന നിലപാടിലാണ് സുധാകര്‍ റെഡി ഉള്ളത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസില്‍ ഈ നിര്‍ദേശം മുന്നോട്ട് വച്ചിരുന്നു. എന്നാല്‍ നിലവില്‍ സുധാകര്‍ റെഡി തുടരട്ടെയെന്നാണ് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാനത്ത് കാനംപക്ഷവുമായി അഭിമുഖ്യം പുലര്‍ത്തുന്നത് കൊണ്ടാണ് സുധാകര്‍ റെഡി തുടരണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നത്.

ഡി രാജ വരുന്നതിനോട് സംസ്ഥാന ഘടകത്തിന് വിയോജിപ്പാണുള്ളത്. അതേസമയം കാനം രാജേന്ദ്രനെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വരാനുള്ള നീക്കം കേന്ദ്രത്തിലെ ഒരു വിഭാഗം നേതാക്കളുടെ ഭാഗത്ത് നിന്ന് നടക്കുന്നുണ്ട്. രാജ്യസഭയിലേക്ക് മത്സരിക്കാനും ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കാനും ഗുരുദാസ്ദാസ് ഗുപ്ത അടക്കമുള്ള നേതാക്കള്‍ കാനത്തോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കാനം ദേശീയ നേതൃത്വത്തിലേക്ക് വന്നാല്‍ പന്ന്യന്‍ രവീന്ദ്രന്‍ ഒഴിവാക്കപ്പെടാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാന ഘടകവുമായി ഇടഞ്ഞ് നില്‍ക്കുന്ന കെഇ ഇസ്മയിലിനെ എക്‌സിക്യൂട്ടീവില്‍നിന്ന് ഒഴിവാക്കുന്നതടക്കമുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് സൂചന.