LiveTV

Live

Kerala

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു

സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സമരം പിന്‍വലിച്ചു
Summary
ആര്‍ദ്രം പദ്ധതിയുമായി സഹകരിക്കാമെന്ന് ഉറപ്പ് ലഭിച്ചതായി മന്ത്രി കെ കെ ശൈലജ

സര്‍ക്കാരിന്റെ കര്‍ശന നിലപാടിനു മുന്നില്‍ മുട്ടുമടക്കി ഡോക്ടര്‍മാര്‍ നാലുദിവസമായി നടത്തിവന്ന സമരം പിന്‍വലിച്ചു. ഇന്നലെ വൈകിട്ട് കെജിഎംഒഎ ഭാരവാഹികള്‍ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യകേന്ദ്രങ്ങളില്‍ വൈകിട്ട് 6 വരെ ജോലി ചെയ്യാമെന്ന വ്യവസ്ഥയും ഡോക്ടര്‍മാരുടെ സംഘടന അംഗീകരിച്ചു.

രോഗികളെ ബുദ്ധിമുട്ടിച്ച് നാലുദിവസം നീണ്ടുനിന്ന സമരത്തില്‍ സര്‍ക്കാരും ജനങ്ങളും ഒരുപോലെ എതിരായപ്പോഴാണ് ഡോക്ടര്‍മാര്‍ സമരമവസാനിപ്പിക്കാന്‍ നിര്‍ബന്ധിതരായത്. സമരക്കാര്‍ മുന്നോട്ടുവെച്ച പ്രധാന ആവശ്യങ്ങള്‍ ഒന്നുപോലും സര്‍ക്കാര്‍ അംഗീകരിച്ചില്ല. അപ്രതീക്ഷിതമായി സമരം പ്രഖ്യാപിച്ച ഡോക്ടര്‍മാരുടെ നടപടിയില്‍ മന്ത്രി അമര്‍ഷം രേഖപ്പെടുത്തി. ഇത്തരം നടപടികള്‍ ആവര്‍ത്തിക്കരുതെന്ന് മുന്നറിയിപ്പും നല്‍കി. കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ ഒപി സമയം ഉയര്‍ത്തിയ നടപടി ഡോക്ടര്‍മാരും അംഗീകരിച്ചു.

കെജിഎംഒഎ നടത്തുന്ന സമരം ന്യായമായ ആവശ്യങ്ങള്‍ക്കു വേണ്ടിയല്ലെന്നും അതുകൊണ്ടുതന്നെ സമരം അവസാനിപ്പിച്ചശേഷം മാത്രം മതി ചര്‍ച്ചയെന്നുമായിരുന്നു ഇന്നലെ ചേര്‍ന്ന മന്ത്രിസഭായോഗവും നിലപാടെടുത്തിരുന്നത്. സര്‍ക്കാര്‍ ഇത്തരത്തില്‍ നിലപാട് കടുപ്പിച്ചതോടെയാണ് സമരക്കാര്‍ നിലപാട് മയപ്പെടുത്തിയത്. ഇതിനുപിന്നാലെയാണ് ചര്‍ച്ച നടന്നതും, സമരം അവസാനിപ്പിച്ചതും.

കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ നടത്തിപ്പുമായി ബന്ധപ്പെട്ട വിഷമതകള്‍ പരിഹരിക്കാന്‍ ഒരു കമ്മറ്റിയെ രൂപീകരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായി. ആരോഗ്യവകുപ്പ് അഡീ. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലാണ് കമ്മിറ്റി. കെജിഎംഒഎ അടക്കമുള്ളവരുമായി ഈ കമ്മിറ്റി ചര്‍ച്ച നടത്തും. മേയ് ആദ്യവാരമാണ് മന്ത്രിതല ചര്‍ച്ച. കമ്മിറ്റിയുടെ ആദ്യചര്‍ച്ച ഇന്ന് നടക്കും.