മധുവിന്റെ കൊലപാതകം; വനംവകുപ്പ് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ദേശീയ പട്ടികവർഗ കമ്മീഷൻ

അട്ടപ്പാടിയിൽ ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്ക് വീഴ്ച സംഭവിച്ചതായി ദേശീയ പട്ടികവർഗ കമ്മീഷൻ ചെയർമാൻ. ഇവർക്കെതിരെ നടപടിയെടുക്കണമെന്ന് കമ്മീഷൻ എസ്.പിക്ക് നിർദ്ദേശം നൽകി. കൊല്ലപ്പെട്ട മധുവിന്റെ വീട് കമ്മീഷൻ സന്ദർശിച്ചു. കുറ്റക്കാര്‍ക്ക് മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് വീട് സന്ദർശിച്ച സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ആവശ്യപ്പെട്ടു.
അട്ടപ്പാടിയിൽ ആദിവാസി യുവാവ് ആൾക്കൂട്ട വിചാരണക്കിരയായി കൊലപ്പെട്ട സംഭവത്തിൽ സംസ്ഥാന സർക്കാറിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നതാണ് ദേശീയ പട്ടിക വർഗ കമ്മീഷൻ ചെയർമാൻ നന്ദകുമാർ സായിയുടെ നിലപാട്. മധുവിനെ വനത്തിൽ വെച്ച് പിടികൂടിയപ്പോൾ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നോക്കി നിന്നത് ദൗർഭാഗ്യകരമാണ്. ആദിവാസികളുടെ അന്യാധീനപ്പെട്ട ഭൂമി തിരിച്ചുപിടിയ്ക്കാനും കുടിവെള്ളം ഉൾപ്പടെയുള്ള അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാനും നടപടിയെടുക്കണമെന്നും കമ്മീഷന് നിര്‍ദേശം നല്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മധുവിന്റെ വീട് സന്ദർശിച്ചു. സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വവും അട്ടപ്പാടി സന്ദർശിച്ചു.