ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ഇന്ന് അട്ടപ്പാടിയില്‍; മധുവിന്റെ കുടുംബത്തെ സന്ദര്‍ശിക്കും
അട്ടപ്പാടിയിലെ ആദിവാസി യുവാവ് മധുവിന്റെ കൊലപാതകത്തിലെ പൊലീസ് അന്വേഷണത്തില്‍ പൂര്‍ണ്ണ തൃപ്തിയില്ലെന്ന് ദേശീയ പട്ടിക വര്‍ഗ കമ്മീഷന് ചെയര്മാന് നന്ദകുമാര്‍ സായി. നന്ദകുമാര്‍ സായി ഇന്ന് മധുവിന്റെ ഊര് സന്ദര്‍ശിക്കും. അതേസമയം പ്രതികളുടെ കസ്റ്റഡി അപേക്ഷയുമായി പൊലീസ് ഇന്ന് കോടതിയെ സമീപിച്ചേക്കില്ല. മധുവിന്റെ ഊര് സന്ദര്‍ശിക്കാനായി ഇന്നലെ പാലക്കാടെത്തിയ നന്ദകുമാര്‍ സായി കലക്ടറേറ്റില്‍ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയിരുന്നു. ശേഷം മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു അന്വേഷണത്തി ലെ അതൃപ്തി അദ്ദേഹം പങ്കുവെച്ചത്.
രാവിലെ ഒമ്പത് മണിയോടെ കമ്മീഷന് ചെയര്‍മാനും സംഘവും ചിണ്ടക്കി ഊരിലെ മധുവിന്റെ ബന്ധുക്കളെ കാണും. അട്ടപ്പാടിയിലെ വിവിധ ഊരുകള്‍ സന്ദര്‍ശിച്ച് ആദിവാസികള്‍ നേരിടുന്ന പ്രശ്നങ്ങളും വിലയിരുത്തും. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും ഇന്ന് മധുവിന്റെ ഊരിലെത്തും. കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ട് കിട്ടുന്നതിനുള്ള അപേക്ഷ പൊലീസ് ഇന്ന് നല്‍കിയേക്കില്ല. നാളെ ഇതിനായി മണ്ണാര്‍ക്കാട് പ്രത്യേക എസ്സി, എസ്ടി കോടതിയെ സമീപിക്കും. മധുവിനെ തേടി കാട്ടിലേക്ക് പോകാന്‍ പ്രതികള്‍ ഉപയോഗിച്ച രണ്ട് വാഹനങ്ങളില്‍ ഫോറന്‍സിക് വിഭാഗം പരിശോധന നടത്തി.
ഇതില്‍ കണ്ടെത്തിയ വിവരങ്ങള്‍ കൂടുതല്‍ പരിശോധനകള്‍ക്കായി അയച്ചു. അക്രമത്തിന്റെ കൂടുതല്‍ ചിത്രങ്ങളും ദൃശ്യങ്ങളും കണ്ടെത്തുന്നതിനായി പ്രതികളുടെ ഫോണുകളിലെ നീക്കം ചെയ്ത ഡാറ്റകള്‍ വീണ്ടെടുക്കാനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. ഫോറന്‍സിക് പരിശോധനകളുടെ റിപ്പോര്‍ട്ട് ലഭിച്ചാല്‍ ഒരു മാസത്തിനകം കേസില്‍ കുറ്റപത്രം നല്‍കാനാണ് പൊലീസിന്റെ ശ്രമം.