LiveTV

Live

Kerala

വൃക്കരോഗിയുടെ ചികിത്സാ സഹായത്തിന്റെ മറവില്‍ പണം തട്ടി

 വൃക്കരോഗിയുടെ ചികിത്സാ സഹായത്തിന്റെ മറവില്‍ പണം തട്ടി
Summary
ചികില്‍സാ ധനസമാഹരണത്തിന് ഗായകസംഘം രൂപീകരിച്ച് പിരിച്ചെടുത്ത തുകയില്‍ ചെറിയ വിഹിതം നല്‍കി ബാക്കി തുക തട്ടിച്ചതായാണ് റോബിന്‍റെ പരാതി.

ചികില്‍സാ ധനസഹായത്തിന്‍റെ മറവില്‍ ‍പണത്തട്ടിപ്പ് നടത്തിയതായി വൃക്കരോഗിയുടെ പരാതി . ഇടുക്കി രാജാക്കാട് സ്വദേശി റോബിനാണ് പൊലീസില്‍ പരാതി നല്‍തിയത്. ചികില്‍സാ ധനസമാഹരണത്തിന് ഗായകസംഘം രൂപീകരിച്ച് പിരിച്ചെടുത്ത തുകയില്‍ ചെറിയ വിഹിതം നല്‍കി ബാക്കി തുക തട്ടിച്ചതായാണ് റോബിന്‍റെ പരാതി.

കൂലിപ്പണിയിലൂടെ ജീവിതം പുലര്‍ത്തിയിരുന്ന റോബിന്‍റെ ഇരുവൃക്കളും തകരാറിലായതിനെ തുടര്‍ന്നാണ് വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. റോബിനെ സഹായിക്കാനെന്ന പേരിലാണ് രാജാക്കാട് പഴയവിടുതി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സംഘടന സഹായ വാഗ്ദാനവുമായി രംഗത്ത് എത്തിയത്. 12 ലക്ഷം രൂപയുടെ ചികില്‍സാ സഹായമായിരുന്നു റോബിന് ആവശ്യമായിരുന്നത്. ഇതിനായി ഗായകസംഘം രൂപീകരിച്ച് വിവിധയിടങ്ങളില്‍നിന്ന് പണം സമാഹരിച്ചു. ഇതില്‍ ഒരുലക്ഷത്തി നാല്‍പതിനായിരം രൂപമാത്രമാണ് സംഘടന നല്‍കിയതെന്ന് റോബിന്‍ പറയുന്നു. ഒന്‍പത് ലക്ഷത്തോളം രൂപ തന്‍റെ ചികില്‍സാ സഹായം എന്ന പേരില്‍ സംഘടന പിരിച്ചെടുത്തതായി വിവരം ലഭിച്ചുവെന്നും, ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാനാണ് പൊലീസില്‍ പരാതിപ്പെട്ടതെന്നും റോബിന്‍ പറയുന്നു.

ശസ്ത്രക്രിയ കഴിഞ്ഞതിനാല്‍ ഭാരമേറിയ ജോലികള്‍ ചെയ്യനാകാത്ത അവസ്ഥയില്‍ വാടകവീട്ടിലാണ് റോബിന്‍റെയും കുടുംബത്തിന്‍റെയും താമസം. റോബിന്‍റെ പരാതിയില്‍ തട്ടിപ്പ് നടത്തിയെന്ന് ആരോപണം ഉയര്‍ന്ന സംഘടനയ്ക്കെതിരെ രാജാക്കാട് പൊലീസ് അന്വേഷണം ആരംഭിച്ചു.