LiveTV

Live

Kerala

കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ മാവോയിസ്റ്റ് ബാധിത ജില്ലകളില്‍ മലപ്പുറവും പാലക്കാടും

Summary
ഇരുജില്ലകളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍

കേരളത്തില്‍ നിന്ന് രണ്ട് ജില്ലകള്‍ മാവോയിസ്റ്റ് ബാധിതജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുമെന്ന് സൂചന. മലപ്പുറവും പാലക്കാടും പട്ടികയില്‍ ഉള്‍പ്പെടുത്താനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്‍റെ നീക്കം. ഇരുജില്ലകളിലും മാവോയിസ്റ്റുകളുടെ സാന്നിധ്യം ശക്തമാണെന്നാണ് കേന്ദ്രത്തിന്‍റെ വിലയിരുത്തല്‍.

ഇതാദ്യമായാണ് സംസ്ഥാനത്തെ ജില്ലകള്‍ മാവോയിസ്റ്റ് ബാധിത ജില്ലകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. സംസ്ഥാനത്തിന്‍റ കൂടി നിര്‍ദേശം പരിഗണിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്‍റെ നടപടി. മലപ്പുറവും പാലക്കാടുമാണ് കേരളത്തില്‍ നിന്ന് പട്ടികയില്‍ ഇടംപിടിച്ചത്. ഇരുജില്ലകള്‍ക്കുംപുറമെ മാവോയിസ്റ്റ് സാനിധ്യമുള്ള വയനാടും പട്ടികയില്‍ ഉള്‍പ്പെടുത്താന്‍ കേരളം ആവശ്യപ്പെട്ടിരുന്നു.

പ്രദേശത്തെ മാവോയിസ്റ്റ് സംഘടനകളുടെ സാന്നിധ്യം, അക്രമങ്ങള്‍ തുടങ്ങിയവ പരിശോധിച്ചാണ് പട്ടിക തയ്യാറാക്കുക. പട്ടികയില്‍ ഇടം പിടിക്കുന്ന ജില്ലകള്‍ ഉള്‍പ്പെടുന്ന സംസ്ഥാനങ്ങള്‍ക്ക് തീവ്രഇടത് ഭീകരവാദം നേരിടുന്നതിനായി കേന്ദ്രത്തിന്‍റെ ഫണ്ട് ലഭിക്കും. 10 സംസ്ഥാനങ്ങളിലായി 106 ജില്ലകളാണ് പുതുക്കിയ പട്ടികയില്‍ ഉള്ളത്. 35 ജില്ലകള്‍ തീവ്രപ്രശ്നബാധിതമായി കണ്ടെത്തിയത്. ചില പ്രദേശങ്ങളിലെ മാവോയിസ്റ്റ് സാന്നിധ്യം കുറഞ്ഞതായും ആഭ്യന്തരമന്ത്രാലയം കണ്ടെത്തി. അത്തരം ജില്ലകളെ പുതിയ പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

കര്‍ണാടക-തമിഴ്നാട്-കേരളം ട്രൈ ജംഗ്ഷന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റ് സംഘങ്ങള്‍ ഏറെക്കാലമായി പാലക്കാട്, മലപ്പുറം ജില്ലകളില്‍ സ്വാധീനം ശക്തമാക്കാന്‍ ശ്രമിക്കുന്നതായി നേരത്തെ തന്നെ അന്വേഷണസംഘങ്ങള്‍ കണ്ടെത്തിയിരുന്നു. അതേസമയം ഇരുജില്ലകളേയും പട്ടികയില്‍ ഉള്‍പ്പെടുത്തിയത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു