ജേക്കബ് തോമസിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി
സസ്പെന്‍ഷനില്‍ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെതിരെ കൂടുതല്‍ നടപടികളുണ്ടാകും.സര്‍ക്കാരിനെ വിമര്ശച്ചതിന് ജേക്കബ് തോമസ് നല്കിയ വിശദീകരണം ചീഫ് സെക്രട്ടറി തള്ളി. ക്രമസമാധാനപാലനത്തിലും,ഓഖി രക്ഷാപ്രവര്‍ത്തനത്തിലും സര്‍ക്കാരിന് വീഴ്ചകള്‍ സംഭവിച്ചുവെന്ന് ജേക്കബ് തോമസ് പരസ്യമായി കുറ്റപ്പെടുത്തിയിരുന്നു.
ഈ പ്രസംഗം വലിയ വിവാദമായതോടെ പരിശോധിച്ച് റിപ്പോര്‍ട്ട് നല്കാന് അന്ന് ചീഫ് സെക്രട്ടറിയായിരുന്ന കെഎം എബ്രഹാമിനെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി. ചീഫ് സെക്രട്ടറിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഐഎംജി ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് സസ്പെന്റ് ചെയ്തു. പിന്നീട് തുടര്‍ നടപടികള്‍ എടുക്കാതിരിക്കാരന് എന്തെങ്കിലും കാരണമുണ്ടങ്കില്‍ ബോധിപ്പിക്കണമെന്ന് ആവിശ്യപ്പെട്ട് ചീഫ് സെക്രട്ടറി പോള്‍ ആന്റണി ജേക്കബ് തോമസിന് നോട്ടീസ് നല്കി. പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നുവെന്ന മറുപടിയാണ് ജേക്കബ് തോമസ് നല്‍കിയത്. ഇതേത്തുടര്‍ന്നാണ് വിശദീകരണം തള്ളാന്‍ ചീഫ് സെക്രട്ടറി തീരുമാനിച്ചത്. പോള്‍ ആന്റണി നല്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിച്ചു.
നേരത്തെ എഴുതി തയ്യാറാക്കിയ പ്രസംഗം ആയതുകൊണ്ട് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജേക്കബ് തോമസ് നേരത്തെ തീരുമാനിച്ചി രുന്നുവെന്ന നിലപാടും ചീഫ് സെക്രട്ടറി സര്‍ക്കാരിനെ അറിയിച്ചു. ഇനി മുതിര്‍ന്ന ഉദ്യോഗസ്ഥരെ നിയമിച്ചുള്ള അന്വേഷണ സമിതി ജേക്കബ് തോമസിന് പറയാനുള്ളത് കേള്‍ക്കും. തുടര്‍ന്ന് സമിതി നല്കുന്ന റിപ്പോര്‍ട്ടിനനുസരിച്ചായിരിക്കും തുടര്‍ നടപടികള്‍.കൂടുതല്‍ നടപടികള്‍ എടുക്കാനുള്ള അധികാരം കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിനാണുള്ളത്. കേരളം ശുപാര്‍ശ ചെയ്യുന്നതിന് അനുസരിച്ചായി രിക്കും കേന്ദ്രം നടപടികളെടുക്കുക.