LiveTV

Live

Kerala

നെല്‍വയല്‍ -തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്

നെല്‍വയല്‍ -തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്
Summary
നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താണ് നടന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു.

നെല്‍വയല്‍ -തണ്ണീര്‍ത്തട നിയമത്തിലെ ഭേദഗതിക്കെതിരെ ശാസ്ത്രസാഹിത്യ പരിഷത്ത്. നിയമത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താണ് നടന്നതെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കണമെന്നും പരിഷത്ത് ആവശ്യപ്പെടുന്നു. ഓര്‍ഡിനന്‍സിനെതിരെ പ്രത്യക്ഷ സമരങ്ങള്‍ ശാസ്ത്ര സാഹിത്യ പരിഷത്ത് തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ ഡിസംബര്‍ 30നാണ് നെല്‍വയല്‍- തണ്ണീര്‍ത്തട നിയമം ഭേദഗതികളോടെ ഓര്‍ഡിനന്‍സായി സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയത്.

നിയമ ഭേദഗതികളില്‍ ഏറെ വിമര്‍ശങ്ങള്‍ ഉയരുന്നതിനിടെയാണ് ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രത്യക്ഷ സമരവുമായി രംഗത്ത് വന്നിരിക്കുന്നത്. പുതിയ ഭേദഗതിയില്‍ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു ഭൂപദവി സൃഷ്ടിച്ചത് കൂടുതല്‍ നികത്തലിന് കാരണമാകും എന്നാണ് പ്രധാന ആരോപണം. ഡാറ്റാ ബാങ്ക് പൂര്‍ത്തിയാക്കി വിജ്ഞാപനം ചെയ്യപ്പെടാന്‍ ഇപ്പോഴും തണ്ണീര്‍ത്തടങ്ങള്‍ ബാക്കിയാണ്. പ്രാദേശിക നിരീക്ഷണ സമിതികള്‍ക്കുള്ള റിപ്പോര്‍ട്ടിങ് അധികാരം എടുത്ത് കളയുന്നതിനെയും പരിഷത്ത് എതിര്‍ക്കുന്നു.

തണ്ണീര്‍ത്തടം മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി ആര്‍ഡിഒക്ക് നല്‍കുന്ന അപേക്ഷ അനുവദിച്ചാല്‍ റവന്യൂ രേഖകളില്‍ മാറ്റം വരുത്തുന്നതിന് ന്യായവിലയുടെ 50 ശതമാനം നിരക്കില്‍ ഫീസ് നല്‍കിയാല്‍ മതി. കൂടാതെ ഉത്തരവ് മൂലം സങ്കടമനുഭവിക്കുന്നവര്‍ക്ക് മാത്രമാണ് അപ്പീല്‍ നല്‍കാന്‍ അവകാശമുള്ളതെന്നും ഇത് പൊതു പ്രവര്‍ത്തകര്‍ക്ക് പരാതി ഉന്നയിക്കാനുള്ള സാധ്യതയെ പോലും ഇല്ലാതാക്കുകയാണെന്നും പരിഷത്ത് ആരോപിക്കുന്നു.