മരംമുറിക്ക് കേസെടുത്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം; വനം മന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്ന്
പത്തനംതിട്ട കോന്നിയില്‍ സി.പി.ഐ പ്രാദേശിക നേതാവിനെതിരെ കേസെടുത്ത ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്ക് വകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ട് സ്ഥലംമാറ്റ ഉത്തരവ് നല്‍കിയെന്ന് ആക്ഷേപം. വിരമിക്കാന്‍ 7 മാസം കൂടി അവശേഷിക്കെ ലഭിച്ച ഉത്തരവിനെതിരെ ഉദ്യോഗസ്ഥന് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തു. കോന്നി നടുവാത്തൂമൂഴി ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ക്കാണ് അസാധാരണമായ സ്ഥലം മാറ്റ ഉത്തരവ് വന്നത്. വിരമിക്കാന്‍ 7 മാസം മാത്രം അവശേഷിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. വിരമിക്കാന്‍ ഒരു വര്‍ഷം മാത്രം അവശേഷിക്കുമ്പോള്‍ സ്ഥലം മാറ്റം പാടില്ലെന്നും സ്ഥലം മാറ്റിയാല്‍ അത് സൌകര്യപ്രദമായ സ്ഥലത്തേക്ക് വേണമെന്നുമാണ് ചട്ടം.
കോന്നി കൊക്കാത്തോട് നെല്ലിക്കപ്പാറയില്‍ വനംവകുപ്പിന്റെ ഫുഡ് പ്രൊഡക്ഷന്‍ ഏരിയില്‍ സ്വകാര്യ വ്യക്തി കൈവശം വെച്ചിരുന്ന ഭൂമിയില്‍ നിന്ന് മരം മുറിച്ച് കടത്തിയതിന് ഭൂമിയുടെ കൈവശക്കാരനെയും മരം മുറിക്ക് ഇടപാടുകാരനായ സി.പി.ഐ പ്രാദേശിക നേതാവിനെയും ഉള്‍പ്പെടുത്തി റേഞ്ച് ഓഫീസര്‍ കേസെടുത്തിരുന്നു. ഇതാണ് തിടുക്കപ്പെട്ട സ്ഥലം മാറ്റ ഉത്തരവിന് കാരണമായത്. സി.പി.ഐ ജില്ലാ നേതൃത്വവും വനം മന്ത്രിയുടെ ഓഫീസും ഇടപെട്ടിട്ടും റേഞ്ച് ഓഫീസര്‍ വഴങ്ങാതിരുന്നതാണ് നടപടിക്ക് കാരണമെന്നാണ് ആക്ഷേപം. കൈവശാവകാശമുള്ള ഭൂമിയില്‍ നിന്ന് 12 ഇനം മരങ്ങള്‍ മുറിക്കുന്നതിന് കഴിഞ്ഞ സര്‍ക്കാര്‍ കൈവശക്കാര്‍ക്ക് നല്കിയ അനുമതിയുടെ മറവിലാണ് 42 ഓളം മരങ്ങള്‍ മുറിച്ച് നീക്കിയത്.