ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്താൽ കടുത്ത നടപടി ഉണ്ടാകുമെന്ന് കുവൈത്ത്

ആശുപത്രി ജീവനക്കാരെ കയ്യേറ്റം ചെയ്താൽ കുറ്റക്കാർക്കെതിരെ കടുത്ത നടപടി ഉണ്ടാകുമെന്നു കുവൈത്ത് ആരോഗ്യ മന്ത്രി. രാജ്യത്തിന്റെ മാനുഷിക മുഖം പ്രതിഫലിപ്പിക്കുന്നവരാണ് ആരോഗ്യ പ്രവർത്തകരെന്നും അവരുടെ അഭിമാനത്തിന് ക്ഷതമേൽക്കുന്ന കാര്യങ്ങൾ അനുവദിക്കില്ലെന്നും മന്ത്രി മുന്നറിയിപ്പ് നൽകി.
സർക്കാർ ആശുപത്രികളിൽ ജീവനക്കാരെ കൈയേറ്റം ചെയ്യുന്ന സംഭവങ്ങൾ നിർഭാഗ്യകരമാണെന്നും കുവൈത്ത് സമൂഹത്തിന്റെ സ്വഭാവത്തിന് യോജിക്കാത്ത പ്രവൃത്തിയാണ് അടുത്ത കലാത്തായി കണ്ടു വരുന്നതെന്നും ആരോഗ്യമന്ത്രി ഡോ ജമാൽ അൽ ഹർബി പറഞ്ഞു. വിഷയത്തിൽ കുവൈത്ത് മെഡിക്കൽ അസോസിയേഷൻ സമർപ്പിച്ച പരിഹാര നിർദേശങ്ങൾ പാർലമെന്റിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ഡോക്റ്റർമാർ നഴ്സുമാർ ടെക്നീഷ്യൻസ് അഡ്മിനിസ്ട്രേഷൻ സ്റ്റാഫ് തുടങ്ങി എലാ വിഭാഗം ജീവനകകാരുടെയും സുരക്ഷ ഉറപ്പാക്കുന്നതോടൊപ്പം രോഗികളുടെ അവകാശങ്ങൾ സംരക്ഷിക്കാനും സർക്കാർ നടപടി കൈക്കൊള്ളുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു. രാജ്യത്തെ എല്ലാ ആശുപത്രികളിലും പോലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കണമെന്ന് ഡോ ജമാൽ അൽ ഹർബി നേരത്തെ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു.