കോട്ടയത്ത് വെട്ടിനുറുക്കിയ നിലയില്‍ കാണപ്പെട്ട മൃതദേഹം തിരിച്ചറിഞ്ഞു
കോട്ടയം മന്ദിരത്ത് വെട്ടിയറുത്ത നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി സ്വദേശി സന്തോഷിന്റെതാണ് മൃതദേഹം. കൊലപാതകം നടത്തിയെന്ന് സംശയിക്കുന്ന ദമ്പതികളെ കോട്ടയം പൊലീസ് അറസ്റ്റ് ചെയ്തു. ഇവര്‍ കുറ്റം സമ്മതിച്ചതായാണ് സൂചന. ഇവരെ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി. ഇന്നലെയാണ് കോട്ടയം മന്ദിരം കവലയില്‍ നിന്നും അരകിലോമീറ്റര്‍ മാറി രണ്ടായി വെട്ടിമുറിച്ച് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹത്തിന്റെ സമീപത്ത് നിന്നും ലഭിച്ച വസ്ത്രങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പയ്യപ്പാടി സ്വദേശി സന്തോഷാണ് മരിച്ചതെന്ന് വ്യക്തമായത്. തുടര്‍ന്നാണ് ഇയാളുമായി ബന്ധപ്പെട്ടവരെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്. ഇതോടെയാണ് കോട്ടയം സ്വദേശി കമ്മല്‍ വിനോദ് ഭാര്യ കുഞ്ഞുമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കരണമെന്നാണ് പൊലീസ് പറയുന്നത്.
ഇന്നലെ ലഭിച്ച മൃതദേഹം തല വേര്‍പ്പെട്ട നിലയിലായിരുന്നു. പ്രതികളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ഉപേക്ഷിച്ചതിന് സമീപത്തുള്ള ഒരു കലുങ്കിനടിയില്‍ നിന്നും തലയും പൊലീസ് കണ്ടെടുത്തു. കഴിഞ്ഞ 23ാം തിയതിയാണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്. സന്തോഷിന്റെ ഫോണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിര്‍ണ്ണായകമായത്. മറ്റ് കൂട്ടുപ്രതികള്‍ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.