ആർ.എസ്.എസ് മേധാവി പതാക ഉയർത്തിയ വിവാദം; സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണെന്ന് മുഖ്യമന്ത്രി

അതിരപ്പിളളി പദ്ധതി സമവായത്തിലൂടെ നടപ്പാക്കാനാണ് സർക്കാർ ശ്രമമെന്ന് മുഖ്യമന്ത്രി. ആർ.എസ്.എസ് മേധാവി പതാക ഉയർത്തിയ വിവാദത്തിൽ സർക്കാർ നിയമോപദേശം തേടിയിരിക്കുകയാണെന്നും മുഖ്യമന്ത്രി സഭയെ അറിയിച്ചു. അതിരപ്പിള്ളി പദ്ധതി പൂർണ്ണമായി ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയാണ് പിടി തോമസിന്റെ ശ്രദ്ധ ക്ഷണിക്കലിന് മുഖ്യമന്ത്രിയുടെ മറുപടി. പദ്ധതിക്ക് എല്ലാ അനുമതികളുമുണ്ട്. ആശങ്കകൾ നീക്കി പദ്ധതി പ്രാവർത്തികമാക്കാനുളള സമവായമുണ്ടാക്കാനാണ് സർക്കാർ ശ്രമം.
ഫ്ലാഗ് കോഡ് ലംഘിച്ചും ജില്ലാ കളക്ടറുടെ വിലക്ക് മറികടന്നും പാലക്കാട് കർണ്ണകിയമ്മൻ സ്കൂളിൽ ദേശീയ പതാക ഉയർത്തിയ ആർ.എസ്.എസ് മേധാവിക്കെതിരെ കേസെടുക്കുമോയെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സബ്മിഷന് മുഖ്യമന്ത്രി വ്യക്തമായ മറുപടി നൽകിയില്ല. സ്വാതന്ത്ര്യദിനാ ഘോഷം സംബന്ധിച്ച പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സർക്കുലർ സ്കൂൾ അധികൃതർ ലംഘിച്ചതായി റിപ്പോർട്ട് കിട്ടിയിട്ടുണ്ടെന്നും കൂടുതൽ നടപടികൾ സ്വീകരിക്കുന്നതിന് മുമ്പായി നിയമോപദേശം തേടിയതയാ യും മുഖ്യമന്ത്രി അറിയിച്ചു. പാലക്കാട് ജില്ലാ കളക്ടറെ മാറ്റിയതിന് വിവാദവുമായി ബന്ധമില്ലെന്നും മുഖ്യമന്ത്രി കുട്ടിച്ചേർത്തു.