കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് നിലച്ചിട്ട് ഇത് മൂന്നാം വര്‍ഷം

കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് വിമാന സര്‍വീസ് നിലച്ചിട്ട് ഇത് മൂന്നാം വര്‍ഷം. റണ്‍വേ വികസനത്തിന്റെ പേരിലാണ് ഹജ്ജ് എംബാര്‍ക്കേഷന്‍ കരിപ്പൂരില്‍ നിന്നും നെടുമ്പാശേരിയിലേക്ക് മാറ്റിയത്. റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും കരിപ്പൂരില്‍ നിന്നുള്ള ഹജ്ജ് യാത്ര പുനസ്ഥാപിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായിട്ടില്ല. കേരളത്തില്‍ നിന്നുള്ള ഹജ്ജ് യാത്രികരില്‍ എണ്‍പത് ശതമാനവും മലബാറില്‍ നിന്നാണ്. ഇത് പരിഗണിച്ചാല്‍ കരിപ്പൂരില്‍ നിന്നുള്ള വിമാനത്തില്‍ യാത്ര ചെയ്യുന്നതാണ് തീര്‍ത്ഥാടകര്‍ക്ക് സൌകര്യം. കരിപ്പൂരിലെ റണ്‍വേ നവീകരണം ചൂണ്ടിക്കാട്ടിയാണ് ഹജ്ജ് സര്‍വീസ് നെടുമ്പാശേരിയിലേക്ക് മാറ്റിയത്.
റണ്‍വേ നവീകരണം പൂര്‍ത്തിയായിട്ടും ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് മാറ്റാന്‍ വ്യോമയാന മന്ത്രാലയം തയ്യാറായിട്ടില്ല. 450 പേര്‍ക്ക് യാത്ര ചെയ്യാവുന്ന വലിയ വിമാനങ്ങള്‍ കരിപ്പൂരില്‍ നിന്ന് സര്‍വീസ് നടത്താന്‍ അനുമതിയില്ലെന്ന കാരണം ചൂണ്ടിക്കാട്ടി ഹജ്ജ് സര്‍വീസ് നെടുന്പാശേരിയില്‍ നില നിര്‍ത്താനുള്ള നീക്കം ശക്തമാണ്. 300 പേര്‍ക്ക് കയറാവുന്ന ചെറിയ വിമാനത്തിലാണ് നെടുമ്പാശ്ശേരിയില്‍ നിന്നുള്ള ഇത്തവണത്തെ ഹജ്ജ് സര്‍വീസ്.
അതുകൊണ്ടു തന്നെ കരിപ്പൂരിന് ഹജ്ജ് സര്‍വീസ് നിഷേധിക്കാന്‍ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കാരണങ്ങളില്ല. ഹജ്ജ് ക്യാംപ് നെടുമ്പാശ്ശേരിയിലേക്ക് മാറ്റിയതിനാല്‍ കരിപ്പൂരിലെ ഹജ്ജ് ഹൌസും അനാഥമായി കിടക്കുകയാണ്. അടുത്ത വര്‍ഷം മുതല്‍ കരിപ്പൂരില്‍ നിന്ന് തന്നെ ഹജ്ജ് സര്‍വീസ് നടത്തുമെന്ന് കേന്ദ്ര ഹജ്ജ് മന്ത്രി ഉറപ്പ് നല്‍കിയതായി ഹജ്ജ് കമ്മിറ്റി ചെയര്മാന് തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൌലവി പറഞ്ഞു. ഹജ്ജ് സര്‍വീസ് കരിപ്പൂരിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഹജ്ജ് കമ്മിറ്റി ഏറ്റെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.