തോമസ് ചാണ്ടി രാജിവെക്കണമെന്ന് എന്‍സിപി ജില്ലാ പ്രസിഡന്റുമാര്‍

ഗതാഗതമന്ത്രി തോമസ് ചാണ്ടി രാജിവെക്കണമെന്ന ആവശ്യവുമായി എന്‍സിപിയുടെ എട്ട് ജില്ലാ പ്രസിഡന്റുമാര്‍. കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് നേതാക്കള്‍ ആവശ്യം ഉന്നയിച്ചത്. തോമസ് ചാണ്ടിയുടെ നിയമ ലംഘനം പാര്‍ട്ടിയും സര്‍ക്കാരും അന്വേഷിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

എന്‍സിപി മുന്‍ സംസ്ഥാന പ്രസിഡന്റ് ഉഴവൂര്‍ വിജയന് നേരിട്ട മാനസിക പീഡനങ്ങളെ പറ്റി പാര്‍ട്ടിയില്‍ വിശദമായ ചര്‍ച്ച വേണമെന്ന് കൊച്ചിയില്‍ യോഗം ചേര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടു. ഉഴവൂരിനെ മാനസികമായി പീഡിപ്പിച്ച പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സുള്‍ഫിക്കര്‍ മയൂരിയെ സംഘടനയില്‍ നിന്ന് പുറത്താക്കണം. മന്ത്രി തോമസ് ചാണ്ടിയാണ് സുള്‍ഫിക്കറിനെ സംരക്ഷിക്കുന്നത്.
പാര്‍ട്ടി അധ്യക്ഷന്‍ ഉഴവൂര്‍ വിജയന് മരിച്ചിട്ട് സമ്പൂര്‍ണ നിര്‍വാഹക സമിതിയോഗം വിളിക്കണമെന്ന ആവശ്യം പോലും ഇതുവരെ നടപ്പായില്ല. അനുശോചിക്കാന്‍ പോലും തോമസ് ചാണ്ടി തയ്യാറായില്ലെന്നും വിമതവിഭാഗം നേതാക്കള്‍ കുറ്റപ്പെടുത്തി. ആലപ്പുഴയില്‍ തോമസ് ചാണ്ടി സ്ഥലം കയ്യേറിയതായുള്ള ആരോപണത്തില്‍ പാര്‍ട്ടി തലത്തിലും സര്‍ക്കാര്‍ തലത്തിലും അന്വേഷണം വേണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. നടപടിയുണ്ടായില്ലെങ്കില്‍ കടുത്ത നിലപാടെടുക്കുമെന്നും വരുന്ന 20ന് നടക്കുന്ന എന്‍സിപി യോഗത്തില്‍ നിലപാടറിയിക്കുമെന്നും വിമതപക്ഷം വ്യക്തമാക്കി.