LiveTV

Live

Kerala

വി സി ഹാരിസിനെ പുറത്താക്കിയ നടപടി പിന്‍വലിച്ചു

വി സി ഹാരിസിനെ പുറത്താക്കിയ നടപടി പിന്‍വലിച്ചു
Summary
എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോക്ടര്‍ വി സി ഹാരിസിനെ പുറത്താക്കിയ നടപടി പിന്‍വലിച്ചു.

എംജി സര്‍വ്വകലാശാല സ്കൂള്‍ ഓഫ് ലറ്റേഴ്സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും ഡോക്ടര്‍ വി സി ഹാരിസിനെ പുറത്താക്കിയ നടപടി പിന്‍വലിച്ചു. ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗമാണ് നടപടി പിന്‍വലിക്കാന്‍ തീരുമാനിച്ചത്. തൃപ്തികരമായ വിശദീകരണം ഡോക്ടര്‍ ഹാരിസ് നല്‍കിയ സാഹചര്യത്തിലാണ് നടപടി പിന്‍വലിച്ചത്.

എം ജി സര്‍വ്വകലാശാലയില്‍ എത്തിയ നാക്ക് സംഘത്തോട് മോശമായി പെരുമാറിയെന്ന് കാട്ടിയാണ് ഡോക്ടര്‍ വി സി
ഹാരിസിനെ കഴിഞ്ഞ ദിവസം സ്കൂള്‍ ഓഫ് ലെറ്റേഴ്സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയത്. വിസിയുടെ തീരുമാനം സിന്‍ഡിക്കേറ്റ് അംഗീകരിച്ചതോടെ നടപടി വേഗത്തിലായി. എന്നാല്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും ജീവനക്കാരും ഈ നടപടിക്കെതിരെ ശക്തമായി രംഗത്ത് വന്നത് സര്‍വ്വകലാശാലയെയും സിന്‍ഡിക്കേറ്റിനെയും പ്രതിരോധത്തിലാക്കി. സര്‍വ്വകലാശാലയുടെ തെറ്റായ നടപടികള്‍ക്കെതിരെ പ്രതികരിച്ചതിന്‍റെ പ്രതികാരമാണെന്ന ആരോപണവും ഇതോടെ ഉയര്‍ന്ന് വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ന് ചേര്‍ന്ന സിന്‍ഡിക്കേറ്റ് യോഗം വിഷയം വീണ്ടും ചര്‍ച്ച ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് വിശദീകരണം വി സി ഹാരിസ് സിന്‍ഡിക്കേറ്റിന് നല്‍കി. കൂടാതെ ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് ഡയറക്ടര്‍ സ്ഥാനത്ത് നിന്നും നീക്കിയ നടപടി പിന്‍വലിക്കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനിച്ചത്. അടുത്ത ദിവസം മുതല്‍ ഡയറക്ടര്‍ സ്ഥാനത്ത് തുടരാനുള്ള അനുമതിയും സിന്‍ഡിക്കേറ്റ് നല്‍കിയിട്ടുണ്ട്.