മെത്രാന് കായലില്‍ രണ്ടാം കൃഷിക്ക് തടസമുണ്ടാകില്ലെന്ന് കൃഷി മന്ത്രി
മെത്രാന് കായലിലെ രണ്ടാം കൃഷിക്ക് തടസമുണ്ടാകില്ലെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. കൃഷി തകര്‍ക്കാന്‍ റാക്കിന്റോ കമ്പനി ശ്രമിച്ചാല്‍ അതിനെ ചെറുത്ത് തോല്‍പ്പിക്കുമെന്നും മന്ത്രി പറഞ്ഞു. രണ്ടാം കൃഷിക്ക് കമ്പനി ഭൂമി കര്‍ഷകര്‍ക്ക് വിട്ട് നല്‍കില്ലെന്ന മീഡിയവണ്‍ വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മെത്രാന് കായലിലെ രണ്ടാം കൃഷിക്ക് കര്‍ഷകര്‍ക്ക് ഭൂമി നല്‍കില്ലെന്ന നിലപാട് മെത്രാന് കായലിലെ ഭൂരിഭാഗം ഭൂമിയും കൈവശം വെച്ചിരിക്കുന്ന റാല്കിന്റോ കമ്പനി വ്യക്തമാക്കിയിരുന്നു. രണ്ടാം കൃഷിക്ക് തയ്യാറായി നിന്ന 50 ഓളം കര്‍ഷകരെ ബാധിക്കുന്ന ഈ പ്രശ്നം മീഡിയവണിലൂടെയാണ് പുറത്ത് വന്നത്. ഈ സാഹചര്യത്തിലാണ് സുനില്‍കുമാര്‍ നിലപാട് വ്യക്തമാക്കിയത്. മെത്രാന്‍കായലിലെ കൃഷിയെ തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും രണ്ടാം കൃഷി തടസപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷം കൃഷി ചെയ്യാന്‍ സര്‍ക്കാര്‍ റാല്കിന്റോ കമ്പനിയോട് ആവശ്യപ്പെട്ടെങ്കിലും ഇതിന് തയ്യാറായിരുന്നില്ല. തുടര്‍ന്ന് 80 ലക്ഷം രൂപ മുടക്കി മെത്രാന്‍കായല്‍ കൃഷിയോഗ്യമാക്കി കൃഷി ചെയ്യുകയായിരുന്നു. കൃഷിയോഗ്യമായ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് ഇവര്‍ നടത്തുന്നതെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ആകെയുള്ള 404 ഏക്കര്‍ മെത്രാന് കായലില്‍ 303 ഏക്കറും റാല്കിന്റോ കമ്പനിയുടെ കൈവശമാണ്. 25 ഏക്കര്‍ മാത്രമാണ് കര്‍ഷകരുടെ പക്കലുള്ളത്.