പനി പടരുന്നു; ഈ മാസം മരിച്ചത് അറുപതിലധികം പേര്
സംസ്ഥാനത്ത് പനിമരണങ്ങള്‍ തുടരുന്നു. ഈ മാസം സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പകര്‍ച്ചപനി ബാധിച്ച് മരിച്ചവരുടെ എണ്ണം 53 ആയി. സ്വകാര്യ ആശുപത്രികളില്‍ പത്തിലധികം പേര് മരിച്ചു. സ്ഥിതിഗതികള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിയെ കണ്ട് ഇന്ന് ചര്‍ച്ച ചെയ്യും. തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ജനറല്‍ ആശുപത്രിയിലെയും വാര്‍ഡുകളും ചെന്നിത്തല സന്ദര്‍ശിക്കും.
പ്രതിരോധ പ്രവര്‍ത്തനങ്ങളെയെല്ലാം നിഷ്പ്രഭമാക്കിയാണ് പനി ബാധിക്കുന്നവരുടെ എണ്ണം പെരുകുന്നത്. മരണ സംഖ്യയും മുന്‍പെങ്ങുമില്ലാത്ത വിധം ഉയരുകയാണ്. 18 ദിവസത്തിനിടെ അറുപതിലധികം രോഗികള്‍ മരിച്ചു. കൂടുതല്‍ മരണങ്ങളും ഡെങ്കിപ്പനി പിടിച്ച്. സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം രണ്ടരലക്ഷത്തോളം രോഗികളാണ് ചികിത്സ തേടി ഈ മാസം വന്നത്. സ്വകാര്യ ആശുപത്രികളില്‍ ഒരു ലക്ഷത്തോളം രോഗികള്‍ എത്തിയെന്നാണ് അനൌദ്യോഗിക കണക്ക്.
ഡോക്ടര്‍മാര്‍ അടക്കമുള്ള ജീവനക്കാരുടെ കുറവ് കാരണം പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും എത്തുന്ന മുഴുവന്‍ രോഗികളേയും ചികിത്സിക്കാന്‍ കഴിയാത്ത സാഹചര്യവും മിക്കയിടത്തും ഉണ്ട്. ഈ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം കൂടുതല്‍ ജീവനക്കാരേയും താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കാനാണ് സര്‍ക്കാരിന്റെ നീക്കം.