കൊച്ചിയില്‍ അപകടമുണ്ടാക്കിയ കപ്പലിന് അമേരിക്കയിലും നിരോധം

ഫോര്‍ട്ട് കൊച്ചി പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ച സംഭവത്തിലുള്‍പെട്ട ആംപര്‍ എല്‍ എന്ന കപ്പലിനെതിരെ മുമ്പു പരാതിയുണ്ടായിരുന്നതായി തെളിയുന്നു. അമേരിക്കന്‍ കോസ്റ്റ്ഗാര്‍ഡ് കഴിഞ്ഞ ഫെബ്രുവരി ഇരുപത്തിയേഴിന് കപ്പല്‍ കസ്റ്റഡിയിലെടുത്തിരുന്നു.
അതേസമയം കപ്പലിന്റെ പ്രവര്‍ത്തനം സംബന്ധിച്ച സുപ്രധാന രേഖകള്‍ പൊലീസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സംയുക്ത പരിശോധനയിലൂടെ കസ്റ്റഡിയിലെടുത്തു.
സുരക്ഷാ വീഴ്ചകള്‍ ചൂണ്ടിക്കാട്ടിയാണ് അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് കപ്പല്‍ കഴിഞ്ഞ ഫെബ്രുവരി 23-ന് പോര്‍ട് ലാന്റില്‍ വച്ച് ആംബല് എല്‍ എന്ന കപ്പല്‍ കസ്റ്റഡിയിലെടുത്തിരുന്നത്. തുടര്‍ന്ന് സാങ്കേതിക പ്രശ്നം പരിഹരിക്കുന്നത് വരെ കപ്പലിന് ജലപാതയില്‍ നിരോധവും ഏര്‍പെടുത്തി. ആംബര്‍ എല്‍ എന്ന കപ്പലിനെതിരെ നടപടി സ്വീകരിച്ച കാര്യം അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചതായുള്ള വിവരമാണ് തീരദേശ സേനയ്ക്ക് ലഭിച്ചത്. റിപ്പോര്‍ട്ട് ശരിയാണെങ്കില്‍ കേസിന് പുതിയ മാനം കൈവരുമെന്ന് എഡിജിപി ടോമിന് തച്ചങ്കരി പ്രതികരിച്ചു.
കപ്പലിന്റെ ഐഎംഒ നമ്പര്‍ ഉപയോഗിച്ച് ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്നും ടോമിന് തച്ചങ്കരി പറഞ്ഞു. അന്താരാഷ്ട്ര കപ്പല്‍ ചാലില്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് കപ്പല്‍ സര്‍വീസ് നടത്തിയതെങ്കില്‍ കേസില്‍ ഇത് വഴിത്തിരിവാകും. മുന്നോട്ടുള്ള ഘട്ടത്തില്‍ കേസ് അന്താരാഷ്ട്ര കോടതിയിലടക്കം എത്തിയേക്കാമെന്നത് മുന്നില്‍ക്കണ്ടാണ് പൊലിസിന്റെ നീക്കം. മാരിടൈം സര്‍വെയര്‍ ഹാര്‍ബര്‍ മാസ്റ്റര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തെ എത്തിച്ച് കപ്പല്‍ ദൂരപരിധി ലംഘിച്ചിട്ടുണ്ടോയെന്നത് പരിശോധിക്കുന്ന നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
ഡിസിപി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോസ്റ്റ് ഗാര്‍ഡും സംയുക്തമായി നടത്തിയ പരിശോധനയിലൂടെ കപ്പലില്‍ നിന്ന് വോയേജ് ഡേറ്റ റിക്കാര്‍ഡ്, ലോഗ് ബുക്കുകള്‍, നാവിഗേഷന്‍ ചാര്‍ട്ട്, എഞ്ചിന് മൂവ്മെന്റ് രജിസ്റ്റര്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. ഫോര്‍ട്ട് കൊച്ചി പുറം കടലില്‍ നങ്കൂരമിട്ട കപ്പല്‍ അവിടെ തന്നെ തുടരുകയാണ്. തല്കാലം കപ്പല്‍ തീരത്ത് അടുപ്പിക്കേണ്ടതില്ലെന്നാണ് നാവിക സേനയുടെ നിലപാട്. 28 ജീവനക്കാരാണ് കപ്പലിലുള്ളത്.