കോരപ്പുഴക്ക് പുതുജീവനേകാന്‍ വ്യവസായിക മേഖലയുടെ പദ്ധതി
മരിച്ചു പോയ പാലക്കാട് കോരപ്പുഴക്ക് പുതുജീവനേകാന്‍ വ്യവസായിക മേഖലയുടെ പദ്ധതി. പുഴയുടെ നവീകരണത്തിനായി ഒരു കൂട്ടം ഇറങ്ങിയപ്പോള്‍ ഒരു ദേശം മുഴുവന്‍ പിന്തുണയുമായെത്തി.
പുഴയുടെ ഒഴുക്ക് തടസ്സപ്പെടുത്തുന്ന മാലിന്യങ്ങള്‍ നീക്കം ചെയ്യുകയാണ് ആദ്യം ചെയ്തത്. ആദ്യ ദിനത്തില്‍ 200 പേരാണ് അരയും തലയും മുറുക്കി പുഴയിലേക്കിറങ്ങിയത്. പ്രവര്‍ത്തനങ്ങളുടെ വേഗം കൂട്ടാന്‍ ജെസിബിയുടെ സഹായവുമുണ്ടായി. മലിനീകരണ നിയന്ത്രണ ബോര്‍ഡ് , ജലവിഭവ വകുപ്പ്, പുതുശേരി ഗ്രാമപഞ്ചായത്ത് എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി. കഞ്ചിക്കോട് ഇന്‍ഡസ്ട്രീസ് ഫോറം, സ്റ്റീന് മാനുഫാക്ചേഴ്സ് അസോസിയേഷന് എന്നിവയുടെ നേതൃത്വത്തിലാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്
പദ്ധതിയുടെ ഭാഗമായി 7 കിലോമീറ്റര്‍ പുഴയുടെ ഭാഗം വൃത്തിയാക്കും. കാലവര്‍ഷത്തിന് ഒരു മാസം മാത്രം അവശേഷിക്കുമ്പോള്‍ തുടക്കമിട്ട പ്രവര്‍ത്തനങ്ങള്‍ക്ക് വലിയ ആവേശം തന്നെയാണ് സൃഷ്ടിച്ചെടുത്തിട്ടുള്ളത്. ഈ മാസം കൊണ്ട് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞാല്‍ മണ്‍സൂണ്‍ കാലത്ത് കോരയാര്‍ നിറഞ്ഞൊഴുകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.