ബിജെപിക്കെതിരെ ആരുമായും സഹകരിക്കുമെന്ന് ബിനോയ് വിശ്വം

ദേശീയ തലത്തില്‍ സിപിഐ കോണ്‍ഗ്രസുമായി സഹകരിക്കാനുള്ള സാധ്യതകള്‍ പൂര്‍ണ്ണമായും തള്ളാതെ സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം ബിനോയ് വിശ്വം. ബിജെപിയെന്ന ആപത്തിനെ കുറിച്ച് ബോധ്യമുള്ളവരുടെ വിശാലമായ പ്ലാറ്റ്ഫോമിന് ഇന്ത്യയില്‍ ഇടമുണ്ടെന്നും അത് മുന്നണി ബന്ധമല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസടക്കമുള്ള പാര്‍ട്ടികളുമായി സഹകരിച്ച് പൊതു സ്ഥാനാര്‍ഥിയെ നിര്‍ത്തുന്നത് പ്രയോജനമുണ്ടാക്കുമെന്നും ബിനോയ് വിശ്വം വ്യക്തമാക്കി.
ഇടത് മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐ സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്ത് വരുന്നത് ദേശീയതലത്തില്‍ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കുന്നതിന്റെ ഭാഗമായിട്ടാണോ എന്ന സംശയം സിപിഎം സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നേതാക്കള്‍ ഉന്നയിച്ചിരുന്നു. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് സംസ്ഥന കമ്മിറ്റിയില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. കോണ്‍ഗ്രസ് ബന്ധമെന്ന ഉമ്മാക്കി കാട്ടി തങ്ങളെ പേടിപ്പിക്കേണ്ടെന്നയാരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് ഇതിന് മറുപടി നല്‍കിയത്. ബിജെപിക്കെതിരെ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഖ്യമുണ്ടാക്കാന്‍ സാധ്യതയില്ലെങ്കിലും സഹകരിക്കാന്‍ സാധ്യതയുണ്ടെന്നാണ് സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ വാക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്.
രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികളുമായി സഹകരിക്കാനുള്ള സാധ്യതയും ബിനോയ് വിശ്വം തള്ളിക്കളയുന്നില്ല. മൂന്നാര്‍ വിഷയത്തിലടക്കം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ സിപിഐയെ പൂര്‍ണമായും പിന്തുണക്കുന്നത് ദേശീയതലത്തിലുണ്ടാവാന് പോകുന്ന സഹകരണത്തിന്റെ ഭാഗമായിട്ടാണെന്നാണ് സിപിഎം നേതാക്കളുടെ വിലയിരുത്തല്‍.