വയനാട്ടിലെ കുട്ടികള്‍ വിളിക്കുന്നു, ചക്ക രുചിക്കാന്‍

ചക്കയില്‍ നിന്ന് രുചിയൂറുന്ന വിഭവങ്ങളൊരുക്കുകയാണ് വയനാട് മീനങ്ങാടി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ഥികള്‍. സംസ്ഥാന പാതയോരത്ത് വിദ്യാര്‍ഥികള്‍ സംഘടിപ്പിക്കുന്ന ചക്ക ഫെസ്റ്റില്‍ ചക്ക ഉപയോഗിച്ചു തയ്യാറാക്കുന്ന പതിനഞ്ചോളം വിഭവങ്ങളുണ്ട്. ചക്കയുടെ ഗുണങ്ങള്‍ പൊതുസമൂഹത്തിന് ബോധ്യപ്പെടുത്തുകയാണ് വിദ്യാര്‍ഥികളുടെ ലക്ഷ്യം.
മീനങ്ങാടി ഗവ. ഹയര്‍ സെക്കണ്ടറി സ്കൂളിലെ എന്‍എസ്എസ് യൂണിറ്റാണ് ചക്ക ഫെസ്റ്റിന്റെ സംഘാടകര്‍. ദേശീയ പാതയോരത്ത് നടത്തുന്ന ഫെസ്റ്റില്‍ ചുരംകയറിയെത്തുന്ന സഞ്ചാരികളുടെ തിരക്കാണിപ്പോള്‍. പുഴുക്ക്, ബജി, കട്ലറ്റ്, സമൂസ, ഉണ്ണിയപ്പം, പായസം, എന്നിങ്ങനെ പോവുന്നു സ്റ്റാളിലെ രുചി വൈവിധ്യം. ചക്ക, സ്റ്റാളിലെത്തിക്കുന്നത് മുതല്‍ കണക്ക് നോക്കി പണം വാങ്ങുന്നതുവരെ എല്ലാ കാര്യങ്ങളും നോക്കുന്നത് വിദ്യാര്‍ഥികള്‍ തന്നെയാണ്. പരമ്പരാഗത ഭക്ഷ്യവിഭവങ്ങള്‍ പുതു തലമുറക്ക് പരിചപ്പെടുത്തുക എന്ന ലക്ഷ്യമാണ് ചക്ക ഫെസ്റ്റ് എന്ന ആശയത്തിന് പിന്നില്‍. ഔഷധഗുണമുള്ള ചക്കയില്‍ നിന്നും നല്ലവരുമാനമുണ്ടാക്കാമെന്ന് വിദ്യാര്‍ഥികള്‍ പറയുന്നു.
പരമ്പരാഗത ചക്കവിഭവങ്ങള്‍ക്ക് പുറമേ വിദ്യാര്‍ഥികള്‍ തന്നെ വികസിപ്പിച്ചെടുത്ത പലഹാരങ്ങളും സ്റ്റാളിലുണ്ട്. മൂന്ന് മിനിറ്റുകൊണ്ട് ചക്ക മുറിച്ച് ചുളയെടുക്കാനും, ചക്കക്കുരു വൃത്തിയാക്കാനും കഴിയുന്ന ഉപകരണവും കുട്ടികള്‍ പരിചയപ്പെടുത്തുന്നു. വിദ്യാര്‍ഥികള്‍ തന്നെ വികസിപ്പിച്ചെടുത്ത ഈ ഉപകരണം ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ്സിലും ശ്രദ്ധേയമായിരുന്നു.