വിദ്യാര്‍ഥിയുടെ ആത്മഹത്യാശ്രമം: വെള്ളാപ്പള്ളിയുടെ കോളജ് അടിച്ചുതകര്‍ത്തു
വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് കട്ടച്ചിറ വെള്ളാപ്പള്ളി കോളജ് ഓഫ് എന്ജിനീയറിങിലേക്ക് എസ്എഫ്ഐ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പൊലീസ് ബാരിക്കേഡ് തകര്‍ത്ത് അകത്തു കടന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കോളജ് അടിച്ചു തകര്‍ത്തു. വിദ്യാര്‍ഥിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസില്‍ മൊഴിയെടുക്കുന്നതിനായി പ്രതിയുടെ വാഹനത്തില്‍ പോയതിന് പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്‍ഡ് ചെയ്തു.
കോളജ് ഹോസ്റ്റലില്‍ വിദ്യാര്‍ഥി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എം വിജിന്, ജെയ്ക്ക് സി തോമസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് എസ്എഫ്ഐ മാര്‍ച്ച് നടത്തിയത്. പൊലീസ് ബാരിക്കേഡും അടച്ചിട്ട ഗെയ്റ്റും മറി കടന്ന് കോളജ് ക്യാമ്പസില്‍ കടന്ന എസ്എഫ്ഐ പ്രവര്‍ത്തകര്‍ കെട്ടിടങ്ങളും ഉപകരണങ്ങളും അടിച്ചു തകര്‍ത്തു. എബിവിപിയും കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. മാനേജ്മെന്റാണ് വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തിന് ഉത്തരവാദികളെന്ന പരാതിയെത്തുടര്‍ന്ന് പ്രിന്‍സിപ്പല്‍ ഡോക്ടര്‍ എച്ച് ഗണേശനെ ഒന്നാം പ്രതിയാക്കിയും, ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സുഭാഷ് വാസുവിനെ രണ്ടാം പ്രതിയാക്കിയും കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ കേസില്‍ എച്ച് ഗണേശന്റെ മൊഴിയെടുക്കാന്‍ സുഭാഷ് വാസുവിന്റെ വാഹനത്തില്‍ പോയെന്ന പരാതിയിലാണ് വള്ളിക്കുന്നം സ്റ്റേഷനിലെ പോലീസുദ്യോഗസ്ഥരായ സതീഷ്, രതീഷ് എന്നിവര്‍ക്കെതിരെ നടപടിയെടുത്തത്. സതീഷിനെ സസ്പെന്‍ഡ് ചെയ്യുകയും രതീഷിനെ എആര്‍ ക്യാമ്പിലേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
മാനേജ്മെന്റ് മാനസികമായി പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച് ഹോസ്റ്റല്‍മുറിയിലാണ് വിദ്യാര്‍ഥി ആത്മഹത്യാശ്രമം നടത്തിയത്. തൂങ്ങിമരിക്കാന്‍ ശ്രമിച്ച വിദ്യാര്‍ഥിയെ ശബ്ദം കേട്ടെത്തിയ സഹപാഠികള്‍ വാതില്‍ തകര്‍ത്ത് അകത്തുകയറി രക്ഷപ്പെടുത്തുകയായിരുന്നു..