LiveTV

Live

Kerala

പിഎംആര്‍വൈ വായ്പയെടുത്ത പട്ടികജാതി കുടുംബം ജപ്തി ഭീഷണിയില്‍

പിഎംആര്‍വൈ വായ്പയെടുത്ത പട്ടികജാതി കുടുംബം ജപ്തി ഭീഷണിയില്‍
Summary
ഒന്നര ലക്ഷം രൂപയുടെ ലോണ്‍ ഇപ്പോള്‍ പലിശയടക്കം മൂന്നരലക്ഷത്തിലധികമായി. ഇതാണ് ജപ്തിയിലേക്ക് നീങ്ങാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്...

പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയില്‍ നിന്നും ലോണെടുത്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട കുടുംബത്തിന് ജപ്തി ഭീഷണി. കോട്ടയം ചങ്ങനാശേരി സ്വദേശി അജയനും കുടുംബത്തിനുമാണ് ഐഒബി നോട്ടീസയച്ചത്. വൃക്ക രോഗത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ് അജയന്‍.

മൂന്ന് വര്‍ഷം മുന്‍പാണ് തയ്യല്‍കട തുടങ്ങാന്‍ പ്രധാനമന്ത്രിയുടെ തൊഴില്‍ദാന പദ്ധതിയായ പിഎംആര്‍വൈയില്‍ നിന്നും അജയനും കുടുംബവും ലോണ്‍ എടുക്കുന്നത്. എന്നാല്‍ അജയന്റെ വൃക്കകള്‍ തകരാറിലായതോടെ ഇവരുടെ ജീവിതം താളം തെറ്റി. പിന്നാലെ അജയന്റെ ജീവന്‍ രക്ഷിക്കാന്‍ ലത വൃക്ക നല്‍കിയതോടെ ചികിത്സ അടക്കമുള്ള ചിലവുകള്‍ നടത്താന്‍ ഈ കുടുംബത്തിന് സാധിക്കാതെ വന്നു. ഇതിനിടെ ലോണ്‍ തിരിച്ചടവും മുടങ്ങി. ഒന്നര ലക്ഷം രൂപയുടെ ലോണ്‍ ഇപ്പോള്‍ പലിശയടക്കം മൂന്നരലക്ഷത്തിലധികമായി. ഇതാണ് ജപ്തിയിലേക്ക് നീങ്ങാന്‍ ബാങ്കിനെ പ്രേരിപ്പിച്ചത്.

ജില്ല കലക്ടര്‍ മുതല്‍ പ്രധാനമന്ത്രിക്ക് വരെ ഇവര്‍ നിവേധനങ്ങള്‍ നല്‍കിയെങ്കലും യാതൊരു പ്രയോജനവും ഉണ്ടായില്ല. കരുണയുള്ളവരുടെ സഹായത്താലാണ് ഇപ്പോള്‍ ഇവരുടെ ജീവതം മുന്നോട്ട് നീങ്ങുന്നത്. സാധാരണകാരന് കൈത്താങ്ങാകാന്‍ വേണ്ടിയാണ് പ്രധാനമന്ത്രിയുടെ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് എന്നാല്‍ അതേ പദ്ധതി തന്നെയാണ് ഇവിടെ അജയന്റെ കുടുംബത്തിന്റെ താളം തെറ്റിച്ചിരിക്കുന്നത്.