പി കെ ദാസ് മെഡിക്കല്‍ കോളജിനെതിരായ മെഡിക്കല്‍ കൌണ്‍സില്‍ റിപ്പോര്‍ട്ടില്‍ നടപടിയില്ല
മെഡിക്കല്‍ കൌണ്‍സിലിന്റെ പരിശോധനാ സംഘത്തിന് നേരെ കയ്യേറ്റം നടന്ന വാണിയംകുളം പി കെ ദാസ് മെഡിക്കല്‍ കോളജില്‍ കണ്ടെത്തിയത് അടിസ്ഥാന സൌകര്യങ്ങളുടെ അഭാവം. ഇത് സംബന്ധിച്ച റിപ്പോര്ട്ടിന്മേല് നാലാം ബാച്ചിലെ പ്രവേശനം തടഞ്ഞെങ്കിലും ലോധാ കമ്മിറ്റിയില്‍ നല്കിയ അപ്പീലിലൂടെ പ്രവേശനാനുമതി നേടിയെടുത്തു. ഗുണ്ടാ ആക്രമണം ചൂണ്ടിക്കാട്ടി അനുമതി റദ്ദാക്കണമെന്ന് മെഡിക്കല്‍ കൌണ്‍സില്‍ ആരോഗ്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടെങ്കിലും പരിഗണിച്ചില്ല.
ഈ അക്കാദമിക വര്‍ഷത്തെ പ്രവേശനത്തിന് മുന്നോടിയായി നടന്ന പരിശോധനയില്‍ മെഡിക്കല്‍ കൌണ്‍സില്‍ പി കെ ദാസ് മെഡിക്കല്‍ കോളജില്‍ അടിസ്ഥാന സൌകര്യങ്ങള്‍ സംബന്ധിച്ച് കണ്ടെത്തിയ അപര്യാപ്തതകള്‍ ഇവയാണ്: ഫാക്കല്‍റ്റികളുടെ എണ്ണത്തില്‍ 26 ശതമാനം കുറവ്. ജൂനിയര്‍ റെസിഡന്സന്റെ എണ്ണത്തില്‍ 20 ശതമാനം കുറവ്. ഔട്ട്പേഷ്യന്റ് വിഭാഗത്തില്‍ എത്തുന്നത് വിരലിലെണ്ണാവുന്ന രോഗികള്‍ മാത്രം. ഇന്‍പേഷ്യന്റ് വിഭാഗത്തിലാകട്ടെ ആവശ്യമുള്ളതിന്റെ 36 ശതമാനം മാത്രം. അവരില്‍ പലരും ഇതേ ഗ്രൂപ്പിന്റെ മറ്റാശുപത്രികളില്‍ നിന്ന് വന്ന് അഡ്മിറ്റായവര്‍. പ്രവേശിപ്പിക്കപ്പെട്ട രോഗികള്‍ക്കാവട്ടെ കാര്യമായ അസുഖമൊന്നുമില്ല. ഓര്‍ത്തോ പീഡിക്സ് വാര്‍ഡില്‍ പ്രവേശിപ്പിക്കപ്പെട്ടവര്ക്കാര്ക്കും പ്ലാസ്റ്ററിട്ടിട്ടില്ല. എല്ലാവരുടെയും അസുഖം കൈകാല്‍മുട്ടു വേദനയും.
നെഞ്ച് രോഗം, ത്വക് രോഗം, നേത്ര രോഗ വാര്‍ഡുകളില്‍ ഒരു രോഗി പോലുമില്ല. പരിശോധനാ ദിവസം ആകെ നടന്നത് ഒരു പ്രസവം മാത്രം. അതില്‍ സിസേറിയനില്ല. രോഗികളുടെ എണ്ണം സംബന്ധിച്ച് കോളജ് നല്കിയ കണക്കുകള്‍ ഊതിപ്പെരുപ്പിച്ചതാണ്. ഓപി വിഭാഗത്തില്‍ അന്വേഷിച്ചപ്പോള്‍ വാക്കാല്‍ പറഞ്ഞത് 20 രോഗികളെന്ന്. പ്രിന്റൌട്ട് നല്കിയപ്പോള് അത് 348 ആയി. സ്കാനിങ് സംവിധാനം ഉപയോഗിക്കാന്‍ തക്ക രോഗികളില്ല.
ജൂനിയര്‍ റസിഡന്‍സിനും അനധ്യാപക ജീവനക്കാര്‍ക്കും താമസക്കാരില്ല. പീഡിയാട്രി വിഭാഗത്തിലെ അസി. പ്രഫസര്‍ ഷാജഹാന് കോളജിലെത്തുന്നത് ആദ്യമായാണ് എന്ന് വ്യക്തം. അയാള്‍ക്ക് കോളജിലെ ആരെയും അറിയില്ല. ജൂനിയര്‍ -സീനിയര്‍ റസിഡന്റുമാര്‍ക്ക് പരസ്പരം അറിയില്ല. ജോലിസമയം സംബന്ധിച്ചും ധാരണയില്ല. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ കൌണ്‍സില്‍ ഈ അക്കാദമിക വര്‍ഷത്തിലെ പ്രവേശനം തടഞ്ഞു.
ലോധാ കമ്മിറ്റിയില്‍ നല്കിയ അപ്പീലിന്റെ അടിസ്ഥാനത്തില്‍ രണ്ട് കോടിയുടെ ബാങ്ക് ഗ്യാരണ്ടിയും അടിസ്ഥാന സൌകര്യമൊരുക്കാമെന്ന സത്യവാങ്മൂലവും നല്കി പ്രവേശനനാനുമതി നേടി. എന്നാല്‍ സത്യവാങ്മൂലത്തിലെ ഉറപ്പുകള്‍ പാലിക്കപ്പെട്ടില്ലെന്നും ഗുണ്ടാ ആക്രമണം സംബന്ധിച്ച റിപ്പോര്‍ട്ടും മുന്‍ നിര്‍ത്തി കോളജിനെ രണ്ട് വര്‍ഷത്തേക്ക് പ്രവേശനാനുമതി വിലക്കണമെന്ന് കൌണ്‍സില്‍ ശുപാര്‍ശ ചെയ്തു. കോളജിന് ഷോകോസ് നോട്ടീസയക്കാനും കോളജിനെതിരെ നടപടിയെക്കാനും തീരുമാനിച്ചു. എന്നാല്‍, കേന്ദ്ര മന്ത്രാലയം കൌണ്‍സിലിന്റെ ശിപാര്‍ശ ഇനിയും പരിഗണിച്ചിട്ടില്ല