LiveTV

Live

Kerala

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ഭര്‍ത്താവും സുഹൃത്തും അറസ്റ്റില്‍
Summary
തമിഴ്‌നാട് ചിദംബരം സ്വദേശി ശങ്കര്‍ എന്ന സുന്ദരവടിവേലുവിനെയും സുഹൃത്ത് റാണിയെയുമാണ് അട്ടപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

ഭാര്യയെയും മകനെയും കൊലപ്പെടുത്തിയ ശേഷം കാണാനില്ലെന്ന് പൊലീസില്‍ പരാതി നല്‍കിയ ഭര്‍ത്താവും സുഹൃത്തും അ വരെ കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തി. തമിഴ്‌നാട് ചിദംബരം സ്വദേശി ശങ്കര്‍ എന്ന സുന്ദരവടിവേലുവിനെയും സുഹൃത്ത് റാണിയെയുമാണ് അട്ടപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്.

സുനാമിയില്‍ കുടുംബം നഷ്്ടമായിയെന്ന് നാട്ടുകാരെ പരിചയപ്പെടുത്തിയാണ് ശങ്കര്‍ അട്ടപ്പാടിയിലെ അഗളിയിലെത്തിയത്. കൂലിപ്പണിയെടുത്ത് ജീവിക്കവേ വിവാഹമോചിതയായ സീനത്തിനെ വിവാഹം കഴിച്ചു. നൗഷാദ് എന്ന പേരും സ്വീകരിച്ചു. ഷാനിഫ് എന്ന മകനുമുണ്ടായി. ഇതിനിടെ റാണിയെ പരിചയപ്പെട്ടു. റാണിയെ വിവാഹം കഴിക്കാന്‍ സീനത്തിനെയും മകനെയും കൊലപ്പെടുത്താന്‍ തീരുമാനിച്ചു.

സ്വദേശമായ ചിദംബരത്തേക്ക് സീനത്തും മകനും റാണിയുമൊന്നിച്ച് യാത്ര ചെയ്ത ഇയാള്‍ റാണിയുടെ സഹായത്തോടെ സീനത്തിനെയും ഷാനിഫിനെയും ഉറക്കഗുളിക നല്‍കി മയക്കിയശേഷം കഴുത്തു ഞെരിച്ചും കഴുത്തറുത്തും കൊലപ്പെടുത്തി. ശേഷം മൃതദേഹം ചതുപ്പു പ്രദേശത്തെ തോട്ടില്‍ തള്ളി. തിരിച്ച് അഗളിയിലെത്തിയ ശേഷം ഭാര്യയെയും മകനെയും കാണാനില്ലെന്ന് പരാതി നല്‍കി. റാണി കോയിന്‍ ബൂത്തില്‍ നിന്ന് നൗഷാദിന്റെ സുഹൃത്തുക്കളെ സീനത്ത് എന്ന വ്യാജേന വിളിച്ച് താന്‍ ആദ്യ ഭര്‍ത്താവിന്റെ ഒപ്പമാണെന്ന് ധരിപ്പിച്ചു.

എന്നാല്‍, സീനത്തിനെ കാണാതായ അന്ന് മുതല്‍ സീനത്തിന്റെ ഫോണ്‍ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ ഈ ഫോണ്‍ പ്രവര്‍ത്തിച്ചു തുടങ്ങിയതോടെ ശങ്കറിനെ ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം സമ്മതിച്ചത്. ഇരുവരെയും ഇന്ന് കോടതിയില്‍ ഹാജരാക്കും.