LiveTV

Live

Kerala

ചിലവന്നൂര്‍ തീരത്തെ അനധികൃതകെട്ടിടങ്ങള്‍; കളക്ടര്‍ക്കും നഗരസഭകള്‍ക്കുമെതിരെ റിപ്പോര്‍ട്ട്

Summary
ചിലവന്നൂര്‍ കായല്‍ അളക്കുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതിയിലാണ് കെസിഇസഡ്എംഎ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. നിയമം ലംഘിച്ച് തീരത്ത് നിര്‍മിച്ച എല്ലാകെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

കൊച്ചി ചിലവന്നൂര്‍ തീരത്ത് തീരദേശനിയമം ലംഘിച്ച് കെട്ടിടങ്ങള്‍ നിര്‍മിക്കുന്നവര്‍ക്കെതിരെ ജില്ലാകളക്ടറും നഗരസഭ അധികൃതരും നടപടിയെടുക്കുന്നില്ലെന്ന് തീരദേശ പരിപാലന സമിതിയുടെ റിപ്പോര്‍ട്ട്. ചിലവന്നൂര്‍ കായല്‍ അളക്കുന്നത് സംബന്ധിച്ച കേസില്‍ ഹൈക്കോടതിയിലാണ് കെസിഇസഡ്എംഎ ഇടക്കാല റിപ്പോര്‍ട്ട് നല്‍കിയത്. നിയമം ലംഘിച്ച് തീരത്ത് നിര്‍മിച്ച എല്ലാകെട്ടിടങ്ങളും പൊളിച്ചുമാറ്റണമെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു.

കൊച്ചി ചിലവന്നൂര്‍ തീരത്ത് ഡിഎല്‍എഫിന്‍റേതടക്കം നിരവധി കെട്ടിടങ്ങളാണ് തീരദേശപരിപാലന നിയമം ലംഘിച്ച് പണിതിട്ടുള്ളത്. വേമ്പനാടിന്‍റെ കൈവഴിയായ ചിലവന്നൂരിന്‍റെ ശേഷിക്കുന്ന തീരങ്ങളെങ്കിലും അളന്ന് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് തീരദേശപരിപാലന സമിതി ഹൈക്കോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ചിലവന്നൂരിന്റെ തീരം അതീവ പാരിസ്ഥിതിക പ്രാധാന്യമുള്ളതാണെന്ന് കെസിഇസഡ്എംഎ യുടെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. റിപ്പോര്‍ട്ടിലെ പ്രധാന കണ്ടെത്തലുകള്‍ ഇങ്ങനെയാണ്.

1. സിആര്‍ഇസഡ് നിയമം ലംഘിച്ച് നിര്‍മിച്ച കെട്ടിടങ്ങള്‍ പിന്നീട് ക്രമീകരിച്ച് നല്‍കാനാവില്ല. എന്നാല്‍ ഇത്തരം കെട്ടിടങ്ങള്‍ക്ക് ഒക്കുപന്‍സി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിലൂടെ മരട്, കൊച്ചി നഗരസഭകള്‍‌ നിയമലംഘനത്തിന് കൂട്ടുനില്‍ക്കുന്നു.

2. നിയമലംഘനങ്ങള്‍ക്കെതിരെ നടപടിയെടുക്കാന്‍ ജില്ലാകളക്ടര്‍ക്ക് നിരന്തരം കത്തയച്ചു. പരിസ്ഥിതി സംരക്ഷണ നിയമപ്രകാരം സ്വീകരിച്ച നടപടികള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നിരന്തരം ആവശ്യപ്പെട്ടെങ്കിലും കളക്ടര്‍ തന്നില്ല.

3. ചിലവന്നൂര്‍ തീരം പൊക്കാളിപാടങ്ങളും തണ്ണീര്‍ത്തടങ്ങളും നിറഞ്ഞതിനാല്‍ സോണ്‍ 1 ല്‍ പെടുന്നപ്രദേശമാണ്.

4. കായലിലെ നീരൊഴുക്ക് തടസപ്പെടുത്തി നിര്‍മാണങ്ങളും നികത്തലുകളും വ്യാപകമാണ്. തടസങ്ങള്‍ നീക്കി ഒഴുക്ക് പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഇറിഗേഷന്‍ വകുപ്പിന് നിര്‍ദേശം നല്‍കിയെങ്കിലും നടപടിയായില്ല.

അധികാരികള്‍ ഗുരുതരമായ കൃത്യവിലോപം നടത്തുന്നതിനാല്‍ അതോറിറ്റിയുടെ ഉത്തരവുകള്‍ നടപ്പാക്കാനാവുന്നില്ലെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. തീരദേശനിയമം ലംഘിച്ച് ചിലവന്നൂര്‍ തീരത്ത് നിര്‍മിച്ച എല്ലാ കെട്ടിടങ്ങളും പൊളിക്കണമെന്നും ഡോക്ടര്‍ കമലാക്ഷന്‍ കോക്കല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്.