LiveTV

Live

Kerala

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിലേക്ക്
Summary
ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്ത് യൂബര്‍, ഒലെ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിനൊരുങ്ങുന്നു.

ഓണ്‍ലൈന്‍ ടാക്സി കമ്പനികള്‍ ചൂഷണം ചെയ്യുന്നുവെന്ന് ആരോപിച്ച് സംസ്ഥാനത്ത് യൂബര്‍, ഒലെ ടാക്സി ഡ്രൈവര്‍മാര്‍ സമരത്തിനൊരുങ്ങുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചിയില്‍ ഡ്രൈവര്‍മാര്‍ സൂചനാ സമരം നടത്തി. വേതന വ്യവസ്ഥ ഏകീകരിക്കുക, ഡ്രൈവര്‍മാരെ കമ്പനിയുടെ തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

യൂബര്‍, ഒലെ കമ്പനികളുടേത് തൊഴിലാളി വിരുദ്ധ നയങ്ങളാണെന്ന് ആരോപിച്ചാണ് ഡ്രൈവര്‍മാര്‍ സംസ്ഥാന വ്യാപകമായി സമരത്തിനൊരുങ്ങുന്നത്. ടാക്സികളുടെയും റിക്വസ്റ്റുകളുടെയും അനുപാതത്തില്‍ മാറ്റം വരുത്തുക, കമ്പനികളുടെ കമ്മീഷന്‍ തുകയുടെ ശതമാനം പരിഷ്കരിക്കുക, ഡ്രൈവര്‍മാരെ കമ്പനി തൊഴിലാളികളായി അംഗീകരിക്കുക തുടങ്ങി 18 ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ മാനേജ്മെന്റുകള്‍ക്ക് കത്ത് നല്‍കി. അനിയന്ത്രിതമായി പുതിയ വാഹനങ്ങള്‍ അറ്റാച്ച് ചെയ്യുന്നതിനാല്‍ നിലവിലുള്ള ഡ്രൈവര്‍മാര്‍ക്ക് ലഭിക്കുന്ന വേതനത്തില്‍ കുറവുണ്ടാകുന്നുവെന്നും ആക്ഷേപമുണ്ട്.

ഓണ്‍ലൈന്‍ ടാക്സി ഡ്രൈവര്‍മാരുടെ പ്രശ്നങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയമിക്കണമെന്നും പ്രശ്നപരിഹാരത്തിനായി സര്‍ക്കാര്‍ ഇടപെടണമെന്നും സംഘടനകള്‍ ആവശ്യപ്പെട്ടു. പ്രതിഷേധത്തിന്റെ ഭാഗമായി കൊച്ചിയിലെ യൂബര്‍ ഓഫീസിലേക്ക് ഡ്രൈവര്‍മാര്‍ ധര്‍ണ നടത്തി. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി സമരം ആരംഭിക്കാനാണ് ടാക്സി ഡ്രൈവര്‍മാരുടെ തീരുമാനം.