കുഞ്ഞാലിക്കുട്ടി ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി

പി കെ കുഞ്ഞാലിക്കുട്ടി മുസ്ലീം ലീഗിന്റെ ദേശീയ നേതൃത്വത്തില്‍. ഇന്ന് ചെന്നെയില്‍ ചേര്‍ന്ന ദേശീയ നിര്‍വാഹക സമിതിയോഗം കുഞ്ഞാലിക്കുട്ടിയെ ദേശീയ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു, തമിഴ്നാട്ടില്‍ നിന്നുള്ള നേതാവും നിലവിലെ ജനറല്‍ സെക്രട്ടറിയുമായിരുന്ന ഖാദര്‍ മൊയ്തീനാണ് പുതിയ പ്രസിഡണ്ട്. നേരത്തെ ജനറല്‍ സെക്രട്ടറിയായിരുന്ന ഇ ടി മുഹമ്മദ് ബഷീറിനെ പുതുതായി സൃഷ്ടിച്ച ഓര്‍ഗനൈസിങ്ങ് സെക്രട്ടറി പദവിയിലേക്ക് മാറ്റി.
ചെന്നൈയില്‍ ചേര്‍ന്ന മുസ്ലീം ലീഗ് ദേശീയ നിര്‍വാഹക സമിതി യോഗമാണ് വ്യാപക അഴിച്ചു പണിയോടെ മുസ്ലിം ലീഗിന് പുതിയൊരു നേതൃത്വത്തെ തീരുമാനിച്ചത്. തമിഴ്നാട്ടില്‍ നിന്നുള്ള ഖാദര്‍ മൊയ്തീനാണ് ദേശീയ പ്രസിഡന്റ്. ഇ അഹമ്മദിന്റെ മരണത്തിനു ശേഷം ഇദ്ദേഹമാണ് പ്രസിഡന്റിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്നത്. ഇ ടി മുഹമ്മദ് ബഷീറിനെ ഓര്‍ഗനൈസിങ്ങ് സെക്രട്ടറിയായും പി വി അബ്ദുള്‍ വഹാബ് എം പിയെ ട്രഷററായും തെരഞ്ഞെടുത്തപ്പോള്‍ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി എന്നൊരു പുതിയ സവിധാനം കൂടി ലീഗിന്റെ ദേശീയ തലത്തില്‍ രൂപീകരിച്ചു. ഹൈദരലി ശിഹാബ് തങ്ങളാണ് കമ്മിറ്റിയുടെ ചെയര്മാന്.
ദേശീയ തലത്തില്‍ മുസ്ലീം ലീഗിനെ ശക്തിപ്പെടുത്താന്‍ യോഗം തീരുമാനിച്ചു. ഇതിനായി ഉന്നത തലം മുതല്‍ പ്രവര്‍ത്തനം തുടങ്ങും. ഇ അഹമ്മദിന്റെ മരണവുമായി ബന്ധപ്പെട്ട് നില നില്ക്കുന്ന ദുരൂഹതകള്‍ അന്വേഷിച്ച് സത്യാവസ്ഥ പുറത്തു കൊണ്ടു വരണമെന്ന് യോഗം ആവശ്യപ്പെട്ടു. തമിഴ്നാട്ടിലെ സ്റ്റേറ്റ് ലെവല്‍ എലിജിബിലിറ്റി ടെസ്റ്റില്‍ നിന്ന് ഒഴിവാക്കിയ അറബി ഉറുദു വിഷയങ്ങള്‍ പുനഃസ്ഥാപിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.