പള്‍സര്‍ സുനിയെ റിമാന്‍ഡ് ചെയ്തു

നടിയെ അക്രമിച്ച കേസില്‍ പ്രധാന പ്രതികളായ പള്‍സര്‍ സുനിയെയും വിജേഷിനെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കസ്റ്റഡിയില്‍ വേണമെന്ന പൊലീസിന്റെ അപേക്ഷ പരിഗണിക്കുന്നത് ആലുവ മജിസ്ട്രേറ്റ് നാളത്തേക്ക് മാറ്റിവെച്ചു. അതേസമയം, ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്ന മൊഴിയില്‍ പള്‍സര്‍ സുനി ഉറച്ച് നില്‍ക്കുകയാണ്.
ഉച്ചയ്ക്ക് മുന്‍പ് തന്നെ കോടതിയില്‍ ഹാജരാക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മജിസ്ട്രേറ്റിന്റെ സൌകര്യം പരിഗണിച്ച് ഉച്ചയ്ക്ക് ശേഷമാണ് പള്‍സര്‍ സുനിയെയും വിജേഷിനെയും കോടതിയില്‍ ഹാജരാക്കിയത്. വൈദ്യ പരിശോധനയ്ക്ക് ശേഷം 2.30ന് ആലുവ ക്ലബില്‍ നിന്നും കോടതിയിലേക്ക് കൊണ്ടുപോയ ഇവരെ 2.45 ഓടെ കോടതിയില്‍ ഹാജരാക്കി. 10 ദിവസം കസ്റ്റഡിയില്‍ വിട്ട് കിട്ടണമെന്ന് ആവശ്യപ്പെട്ട് പൊലീസ് അപേക്ഷയും നല്കി. എന്നാല്‍ ഈ അപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിവെച്ചു. തുടര്‍ന്ന് പ്രതികള്‍ക്ക് പറയാനുള്ളത് കൂടി കേട്ട ശേഷം ഇരുവരെയും റിമാന്‍ഡ് ചെയ്യുകയായിരുന്നു. പള്‍സര്‍ സുനിയെയും വിജേഷിനെയും എറണാകുളം ജില്ല ജയിലിലേക്കും കൊണ്ടുപോയി. ഇതിനിടെ തിരികെ വന്ന് മാധ്യമങ്ങളെ കാണുമെന്ന് സുനി വിളിച്ച് പറഞ്ഞു.
ചോദ്യം ചെയ്യലില്‍ ബ്ലാക്ക്മെയില്‍ ചെയ്യാന്‍ വേണ്ടിയാണ് കൃത്യം നടത്തിയതെന്നാണ് പള്‍സര്‍ സുനി പറഞ്ഞത്. എന്നാല്‍ പൊലീസ് ഇത് വിശ്വാസത്തില്‍ എടുത്തിട്ടില്ല. ഒരു സ്ത്രീ ക്വട്ടേഷന്‍ നല്‍കിയെന്ന് സുനി നടിയോട് പറഞ്ഞത് എന്തിനാണെന്ന് പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. കൂടാതെ മണികണ്ഠന്റെ മൊഴിയിലും ഇത് പരിഗണിക്കുന്നുണ്ട്. നഗ്നചിത്രങ്ങള്‍ എടുത്ത ഫോണ്‍ എവിടെയാണെന്നും അന്വേഷണസംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല.