LiveTV

Live

Kerala

ഹൈക്കമാന്റ് ഇടപെടല്‍‌: കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടായേക്കും

Summary
കോണ്‍ഗ്രസ് തര്‍ക്കത്തിലെ അതൃപ്തി ഘടകക്ഷികള്‍ യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കും

ഹൈകമാന്‍ഡ് ഇടപെടല്‍ ഉണ്ടായ സാഹചര്യത്തില്‍ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ വെടിനിര്‍ത്തല്‍ ഉണ്ടായേക്കും... നേതാക്കള്‍ പരസ്യ പ്രസ്താവനകളിലേക്ക് ഇനി പോകാന്‍ സാധ്യതയില്ല. എന്നാല്‍ പാര്‍ട്ടിക്കുള്ളിലെ വടംവലികള്‍ പുതിയ രൂപത്തില്‍ തുടരും. കോണ്‍ഗ്രസിലെ തര്‍ക്കങ്ങളില്‍ എതിരഭിപ്രായം യുഡിഎഫ് യോഗത്തില്‍ ഉന്നയിക്കാനിരിക്കുകയാണ് ഘടകകക്ഷികള്‍.

ബാര്‍ വിവാദം മുതല്‍ തുടങ്ങിയതാണ് വി എം സുധീരനും ഉമ്മന്‍ചാണ്ടിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. സംഘടനാ തെരഞ്ഞെടുപ്പ് നടത്തി സുധീരന് പകരം പുതിയ അധ്യക്ഷനെ കൊണ്ടുവരണമെന്നത് എ ഗ്രൂപ്പിന്റെ താല്പര്യമായിരുന്നു. ഡി സി സി പുനഃസംഘടനയില്‍ തിരിച്ചടി ഉണ്ടായതോടെ സുധീരനെതിരായ നീക്കം ശക്തമാക്കാന്‍ എ ഗ്രൂപ്പ് തീരുമാനിച്ചു. സംഘടനാ തെരഞ്ഞെടുപ്പിനായ സമ്മര്‍ദം ശക്തമാക്കാനും തീരുമാനിച്ചു. ഈ ആവശ്യത്തിന് സംഘടനയില്‍ പിന്തുണ നേടിയെടുക്കുന്നതിനായി നടത്തിയ ശ്രമങ്ങള്‍ക്കൊടുവിലാണ് കെ മുരളീധരന്‍ എ ഗ്രൂപ്പുമായി സഹകരിക്കുന്നതും നേതൃത്വത്തെ വിമര്‍ശിച്ച് സംസാരിക്കുന്നതും.

പ്രസ്താവനായുദ്ധം തെരുവിലെത്തിയതോടെ ഹൈക്കമാന്‍ഡ് ഇടപെട്ടു. ഈ സാഹചര്യത്തില്‍ കൂടുതല്‍ പരസ്യപ്രതികരണങ്ങളിലേക്ക് നേതാക്കള്‍ പോകാന്‍ ഇടയില്ല. എന്നാല്‍ പാര്‍ട്ടി പിടിക്കാനുള്ള തന്ത്രങ്ങളുമായി ഉമ്മന്‍ചാണ്ടിയും എ ഗ്രൂപ്പും സജീവമായി അണിയറയില്‍ ഉണ്ടാകുമെന്നാണ് സൂചന. ഐ ഗ്രൂപ്പിലെ പ്രമുഖരെ ഉള്‍പ്പെടെ തന്റെ പാളയത്തിലേക്ക് കൊണ്ടുവരാനും ശ്രമം നടക്കുന്നുണ്ട്. പാര്‍ട്ടി ഭരണഘടനയില്‍ ഭേദഗതി ഉള്‍പ്പെടെ വേണ്ടതിനാല്‍ സംഘടനാ തെരഞ്ഞെടുപ്പ് പെട്ടെന്ന് ഉണ്ടാകില്ലെന്ന വിലയിരുത്തലിലാണ് സുധീരനും അനുകൂലികളും. അതിനാല്‍ എ ഗ്രൂപ്പുമായി ഒരു ഏറ്റുമുട്ടലിലേക്ക് പോകേണ്ടതില്ലെന്നും അവര്‍ കരുതുന്നു. രാഷ്ട്രീയകാര്യ സമിതി വിളിച്ചു ചേര്‍ത്ത് സംഘടനാ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാനുള്ള ശ്രമവും സുധീരന്‍ നടത്തുന്നുണ്ട്. വിവാദത്തില്‍ ഇടപെടാത്ത കരുതലോടെയുള്ള സമീപനമാണ് ഐ ഗ്രൂപ്പ് സ്വീകരിക്കുന്നത്. വിശാല ഐ ഗ്രൂപ്പ് തകരുന്നതിലെ ആശങ്ക ഗ്രൂപ്പിലെ ഒരു വിഭാഗത്തിനുണ്ട്. അതേ സമയം കോണ്‍ഗ്രസിലെ തര്‍ക്കം രൂക്ഷമാകുന്നതിലെ അതൃപ്തി ജനുവരി 3 ന് ചേരുന്ന യുഡിഎഫ് യോഗത്തില്‍ മുസ്‍ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടകകക്ഷികള്‍ ഉന്നയിക്കും.