എസ് സി എസ് ടി പീഡനക്കേസുകള്‍ സംസ്ഥാനത്ത് ക്രമാതീതമായ വര്‍ധനവ്
എസ് സി എസ് ടി പീഡനക്കേസുകള്‍ സംസ്ഥാനത്ത് ക്രമാതീതമായി വര്‍ധിക്കുന്നു. 4798 കേസുകൾ കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് രജിസ്റ്റര്‍ ചെയ്തുവെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഈ സര്‍ക്കാര്‍ വന്ന ശേഷം 490 പട്ടികജാതി പട്ടികവര്‍ഗ കേസുകൾ രജിസ്റ്റര്‍ ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കാന്‍ പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുടങ്ങുമെന്നും മന്ത്രി ജി സുധാകരന് പറഞ്ഞു.
പട്ടികജാതി പട്ടികവര്‍ഗ പീഡനനിരോധന വകുപ്പനുസരിച്ച് കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് ഓരോ വര്‍ഷവും ശരാശരി 950 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് മുഖ്യമന്ത്രി സഭയെ അറിയിച്ചു. ഈ സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം 490 പട്ടികജാതി പട്ടികവര്‍ഗ പീഡന കേസുകളും രജിസ്റ്റര്‍ ചെയ്തു. സൈബര്‍ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രിക്ക് വേണ്ടി ജി സുധാകരനാണ് സഭയില്‍ മറുപടി നല്‍കിയത്. സൈബര്‍ കേസുകള്‍ക്കായി പ്രത്യേക കുറ്റാന്വേഷണ വിഭാഗം തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. ഈ അടുത്ത കാലത്തായി രജിസ്റ്റര്‍ ചെയ്ത 1273 സൈബര്‍ കേസുകളില്‍ 21 എണ്ണം എടിഎമുമായി ബന്ധപ്പെട്ടവയാണ്. മൊബൈല്‍ കണക്ഷന് വേണ്ടി വിരലടയാളം വഴി ആധാര്‍ വിവരങ്ങള്‍ ശേഖരിക്കുന്ന കാര്യം പരിശോധിക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനത്തെ ഹോട്ടലുകളില്‍ തീവെട്ടി കൊള്ളയുണ്ടെന്ന് സമ്മതിച്ച മന്ത്രി പി തിലോത്തമന് ന്യായവില ഹോട്ടലുകള്‍ തുടങ്ങുന്നത് സര്‍ക്കാറിന്റെ പരിഗണനയിലില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യത്തില്‍ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ടെന്നായിരുന്നു വിവിധ അംഗങ്ങളുടെ ചോദ്യത്തിന് മന്ത്രിയുടെ മറുപടി.
ബയോമെട്രിക് സംവിധാനം ഉപയോഗിച്ച് റേഷന്‍ കടകൾ വഴി ക്ഷേമപെന്ഷന് വിതരണം, ബാങ്കിങ് സേവനം എന്നിവ ലഭ്യമാക്കുന്ന കാര്യം സര്‍ക്കാറിന്റെ പരിഗണനയിലാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ബോര്‍ഡ്, കോര്പ്പറേഷന് എംഡി, ചെയര്മാന് നിയമനങ്ങളില്‍ സംബന്ധിച്ച പി ഉബൈദുല്ലയുടെ ചോദ്യത്തിന് വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. മുപ്പത് വര്‍ഷത്തിന് ശേഷം ആദ്യമായി ഉത്തരം തിരുത്തി നല്കിയ നടപടിയും ഇന്ന് സഭയിലുണ്ടായി. മന്ത്രി കെ ടി ജലീലാണ് സഭയില്‍ തിരുത്തി മറുപടി നല്‍കിയത്.