LiveTV

Live

Kerala

ആറു തവണ പരാജയപ്പെട്ടു, ഏഴാം തവണ രണ്ടും കല്‍പ്പിച്ച് പൈലറ്റ് വിമാനം തിരുവനന്തപുരത്തിറക്കി

ആറു തവണ പരാജയപ്പെട്ടു, ഏഴാം തവണ രണ്ടും കല്‍പ്പിച്ച്  പൈലറ്റ് വിമാനം തിരുവനന്തപുരത്തിറക്കി
Summary
ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനമാണ് തിരുവനന്തപുരത്ത് ആപല്‍ക്കരമായി നിലത്തിറക്കിയത്. കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ മൂന്നു തവണ ശ്രമിച്ചിട്ടും പ്രതികൂല കാലാവസ്ഥ വില്ലനായതോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്.....

മോശം കാലാവസ്ഥയെ തുടര്‍ന്ന് വിമാനം നിലത്തിറക്കാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ഇന്ധനം തീരാറായ ഘട്ടത്തില്‍ പൈലറ്റ് രണ്ടും കല്‍പ്പിച്ച് വിമാനം നിലത്തിറക്കിയതായി റിപ്പോര്‍ട്ട്. ദോഹയില്‍ നിന്നും കൊച്ചിയിലേക്കുള്ള ജെറ്റ് എയര്‍വേയ്സ് വിമാനമാണ് തിരുവനന്തപുരത്ത് ആപല്‍ക്കരമായി നിലത്തിറക്കിയത്. കൊച്ചിയില്‍ ലാന്‍ഡ് ചെയ്യാന്‍ മൂന്നു തവണ ശ്രമിച്ചിട്ടും പ്രതികൂല കാലാവസ്ഥ വില്ലനായതോടെയാണ് വിമാനം തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. എന്നാല്‍ ഇവിടെയും മൂന്നു തവണ നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടു. ഇതിനിടെ വിമാനത്തിലെ ഇന്ധനവും തീരാറായി. ഇതോടെയാണ് മറ്റ് മാര്‍ഗങ്ങളൊന്നുമില്ലാതെ ബ്ലൈന്‍ഡ് ലാന്‍ഡിങിന് (രണ്ടും കല്‍പ്പിച്ച് സാഹസികമായി വിമാനം ലാന്‍ഡ് ചെയ്യല്‍) പൈലറ്റ് നിര്‍ബന്ധിതനായത്.

349 കിലോ ഇന്ധനം മാത്രമാണ് ഈ സമയത്ത് ഉണ്ടായിരുന്നത്. നൂറ് കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ മാത്രമെ ഇത് ഉപകരിക്കൂ. അതായത് പരമാവധി 15 മുതല്‍ 20 മിനുട്ട് മാത്രം പറക്കാനുള്ള ഇന്ധനം മാത്രമാണ് അവശേഷിച്ചിരുന്നത്.. ഡയറക്റ്ററേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍റെ അന്വേഷണ റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തലുള്ളത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17നാണ് സംഭവം നടന്നത്.

ഫ്ലൈറ്റ് കമാന്‍ഡറും പൈലറ്റും തമ്മിലുള്ള സംഭാഷണവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. റണ്‍വേ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് രണ്ടും കല്‍പ്പിച്ച് വിമാനം ഇറക്കുകയാണെന്ന മറുപടിയാണ് പൈലറ്റ് നല്‍കുന്നത്.