തെരുവുനായശല്യം രൂക്ഷം; നഷ്ടപരിഹാരത്തിനായി സരിജഗന് കമ്മീഷന് മുമ്പില്‍ അപേക്ഷകരില്ല
കേരളത്തില്‍ തെരുവുനായ ശല്യം രൂക്ഷമാകുമ്പോഴും നഷ്ടപരിഹാരം തേടി സുപ്രീം കോടതി നിയോഗിച്ച കമ്മീഷനെ ആരും സമീപിക്കുന്നില്ല. തെരുവു നായ കടിച്ച് പരിക്ക് പറ്റിയാലും മരിച്ചാലുമുള്ള നഷ്ടപരിഹാര തുക നല്കാന് അപേക്ഷകരെ സഹായിക്കുക എന്നതാണ് കമ്മീഷന്റെ ചുമതല. എന്നാല്‍ തെരുവു നായ നിയന്ത്രണം ജസ്റ്റിസ് സിരിജഗന് കമ്മിറ്റിയുടെ അധികാര പരിധിയിലില്ല.
തെരുവു നായകളുടെ കടിയേറ്റാലുള്ള പരാതി സ്വീകരിക്കുന്നതിന് ഇന്ത്യയില്‍ തന്നെ ആദ്യത്തെ കമ്മിറ്റിയാണ് ജസ്റ്റിസ് സിരിജഗന് കമ്മിറ്റി. നഷ്ടപരിഹാരം, വാക്സിന് ലഭ്യത, ശരിയായ രീതിയില്‍ ചികിത്സ നല്‍കുക എന്നതാണ് കമ്മീഷന്റെ ചുമതല. പരാതികളില്‍ സുപ്രീംകോടതിയാണ് അന്തിമ തീരുമാനമെടുക്കുക. കഴിഞ്ഞ ഒരു മാസത്തിന് മുമ്പ് മാധ്യമങ്ങളില്‍ പരാതി സ്വീകരിക്കുന്നത് സംബന്ധിച്ച് പരസ്യം നല്‍കിയെങ്കിലും ഇതുവരെ 20 അപേക്ഷകള്‍ മാത്രമാണ് കമ്മീഷന് ലഭിച്ചുള്ളു.
വാഹന അപകടത്തില്‍ നല്കുന്ന നഷ്ടപരിഹാരത്തിന്റെ അതേ മാനദണ്ഡം തന്നെയാണ് ഇക്കാര്യത്തിലും പാലിക്കുന്നത്. തെരുവുനായയുടെ കടിയേറ്റ് മരണം സംഭവിച്ചാല്‍ 40,000 രൂപയാണ് നഷ്ടപരിഹാരം. അപേക്ഷ കിട്ടുന്നതിന് അനുസരിച്ച് ഓരോ ജില്ലയിലും സന്ദര്‍ശനം നടത്തി പ്രവര്‍ത്തനം വ്യാപിപ്പിക്കാനാണ് കമ്മീഷന്റെ തീരുമാനം.
അപേക്ഷകന് തെരുവു നായ തന്നെയാണ് കടിച്ചതെന്ന് കമ്മീഷനെ ബോധിപ്പിക്കുകയും മെഡിക്കല്‍ രേഖകള്‍ ഹാജരാക്കുകയും വേണം. ലോക്കല്‍ അതോറിറ്റിക്കാണ് തെരുവുനായ കടിച്ചതാണെന്ന് ബോധ്യപ്പെടുത്തേണ്ട ഉത്തരവാദിത്തം. നിയമ സെക്രട്ടറി ബി ജി ഹരീന്ദ്ര, ആരോഗ്യ വകുപ്പ് സെക്രട്ടറി ഡോ. ആര് രമേശ് എന്നിവരാണ് മൂന്നംഗ കമ്മീഷനിലെ മറ്റ് അംഗങ്ങള്‍.