ഹരിപ്പാട് മെഡിക്കല്‍ കോളജിന് ഭൂമി വാങ്ങിയത് അടിസ്ഥാന വിലയുടെ 400 ഇരട്ടിയിലധികം വിലക്ക്

സര്‍ക്കാര്‍ നിശ്ചയിച്ച അടിസ്ഥാന വിലയുടെ 400 ഇരട്ടിയിലധികം വിലക്കാണ് ഹരിപ്പാട് മെഡിക്കല്‍ കോളേജിന് ഭൂമി രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്ന് രേഖകള്‍. മെഡിക്കല്‍ കോളേജിന് ഭൂമി വാങ്ങുന്നത് സംബന്ധിച്ച വ്യാപകമായ ക്രമക്കേട് നടന്നെന്ന് രേഖകള്‍ തെളിയിക്കുന്നു. ക്രമക്കേട് നടത്തി 47 ആധാരങ്ങളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. എന്‍ടി.പി.സി 25 ഏക്കര്‍ നല്‍കാമെന്ന് പറഞ്ഞിട്ടും സ്വകാര്യ വ്യക്തികളിൽ നിന്നും ഭൂമി വാങ്ങുകയായിരുന്നുവെന്നാണ് ആക്ഷേപം. ക്രമക്കേടുകള്‍ വ്യക്തമാക്കുന്ന രേഖകള്‍ മീഡിയവണിന് ലഭിച്ചു.
ഒരു ആര്സിന് 10,000 രൂപമാത്രം അടിസ്ഥാന വിലയുള്ള 3 ആര്‍സ് പാടം 12,96,750 രുപയ്ക്കാണ് വാങ്ങിയിരിക്കുന്നത്. അതായത് അടിസ്ഥാന വിലയുടെ 420 ഇരട്ടി രൂപയ്ക്ക്. ആര്സിന് 60,000 രൂപ വിലയുള്ള 4 ദശാശം 55 ആര്‍സ് പുരയിടം വാങ്ങിയിരിക്കുന്നതാകട്ടെ 4,49,540 രൂപയ്ക്കും. ഇതില്‍നിന്ന് ഭൂമിയിടപാടില്‍ പൊതു മാനദണ്ഡം പാലിച്ചിട്ടില്ലന്ന് വ്യക്തമാകുന്നു.
ഭൂമി വാങ്ങിയത് ചീഫ് സെക്രട്ടറിയുടെ മേല്‍ നോട്ടത്തിലാണെന്നും മാനദണ്ഡങ്ങള്‍ പാലിച്ചായിരുന്നെന്നുമാണ് സ്ഥലം എംഎല്‍എയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നേരത്തേ പറഞ്ഞത്. 15 കോടി രൂപയാണ് ഭൂമി വാങ്ങാനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നത്. അതില്‍ 12 കോടി രൂപയാണ് ഇതുവരെ വിനിയോഗിച്ചത്. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ കായംകുളം എന്‍.ടി.പി.സി ആറാട്ടുപുഴ പഞ്ചായത്തില്‍ 25 ഏക്കര്‍ ഭൂമി നികത്തി നല്‍കാമെന്ന് വാഗ്ദാനം നല്‍കിയിരുന്നെങ്കിലും അതു സ്വീകരിക്കാതെയാണ് സ്വകാര്യ വ്യക്തികളുടെ ഭൂമി സര്‍ക്കാര്‍ വിലയ്ക്ക് വാങ്ങിയത്.