LiveTV

Live

Kerala

സ്കൂള്‍ യൂണിഫോം വിവാദം; പോക്സോ ചുമത്തപ്പെട്ട ഫോട്ടോഗ്രാഫര്‍ക്ക് മുന്‍കൂര്‍ ജാമ്യം

സ്കൂള്‍ യൂണിഫോം വിവാദം; പോക്സോ ചുമത്തപ്പെട്ട ഫോട്ടോഗ്രാഫര്‍ക്ക് മുന്‍കൂര്‍ ജാമ്യം
Summary
കോട്ടയം പോക്സോ കോടതിയാണ് ഫോട്ടോഗ്രാഫറായ ബോസ് ഈപ്പന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്

കോട്ടയം ഈരാറ്റുപേട്ട സെന്റ് അല്ഫോണ്‍സാ സ്കൂളിലെ യൂണിഫോം വിവാദവുമായി ബന്ധപ്പെട്ട് പോക്സോ ചുമത്തപ്പെട്ട ഫോട്ടോഗ്രാഫര്‍ക്ക് മുന്‍കൂര്‍ ജാമ്യം.

കോട്ടയം പോക്സോ കോടതിയാണ് ഫോട്ടോഗ്രാഫറായ ബോസ് ഈപ്പന് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. സെന്റ് അല്ഫോണ്‍സാ സ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ ചിത്രങ്ങള്‍ എടുത്തുവെന്ന് ആരോപിച്ച് ഈരാറ്റുപേട്ട പൊലീസാണ് ഫോട്ടോഗ്രാഫറായ ബോസ് ഈപ്പനെതിരെ പോക്സോ ചുമത്തിയത്. ഇതിനെതിരെ ബോസ് ഈപ്പന്‍ നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോട്ടയത്തെ പ്രത്യേക പോക്സോ കോടതി ബോസ് ഈപ്പന് മുന്‍കൂര്‍ ജാമ്യം അനുവദിക്കുയായിരുന്നു. പ്രഥമദൃഷ്ട്യാ ബോസ് ഈപ്പന്‍ കുറ്റം ചെയ്തായി പൊലീസിന് കണ്ടെത്താനായിട്ടില്ലെന്നും നല്ല ഉദ്ദേശത്തോടെയാണ് ചിത്രങ്ങള്‍ എടുത്തതെന്നും കോടതിക്ക് കണ്ടെത്തി. ഇതിന്റെ അടിസ്ഥാനത്തില്‍ 2500 രൂപയ്ക്കും രണ്ട് ആള്‍ ജാമ്യത്തിനുമേല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു.

ഈരാറ്റുപേട്ട സെന്റ് അല്ഫോണ്‍സാ സ്കൂളിലെ വിദ്യാര്‍ത്ഥിനികളുടെ യൂണിഫോം അവരെ അപമാനിക്കുന്ന തരത്തിലാണെന്ന് സോഷ്യല്‍മീഡിയായിലടക്കം വിമര്‍ശനം ഉയര്‍ന്നിരുന്നു. ബോസ് ഈപ്പന്‍ എടുത്ത ചിത്രങ്ങളാണ് മുഖം മറച്ച നിലയില്‍ സോഷ്യല്‍ മീഡിയായില്‍ പ്രചരിച്ചത്. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടികളെ മോശമായി ചിത്രീകരിച്ചുവെന്ന് കാട്ടി പിടിഎ നല്കിയ പരാതിയില്‍ ഈരാറ്റുപേട്ട പോലീസ് ബോസ് ഈപ്പനെതിരെ പോക്സോ ചുമത്തിയത്. നേരത്തെ സംഭവം വിവാദമായതോടെ യൂണിഫോം മാറ്റാന്‍ സ്കൂള്‍ മാനേജ്മെന്റ് തീരുമാനിച്ചിരുന്നു.