LiveTV

Live

Kerala

ശബരിമല തീര്‍ത്ഥാടന കാലം അടുത്തിരിക്കെ പമ്പയിലേക്കുള്ള റോഡ് അപകടാവസ്ഥയില്‍

ശബരിമല തീര്‍ത്ഥാടന കാലം അടുത്തിരിക്കെ പമ്പയിലേക്കുള്ള റോഡ് അപകടാവസ്ഥയില്‍
Summary
പാതയില്‍ വിവിധ ഇടങ്ങളിലായി ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടായതും മഴ തുടരുന്നതുമാണ് ആശങ്കയ്ക്ക് കാരണം

ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടന കാലം സമാഗതമായിരിക്കെ പമ്പയിലേക്കുള്ള റോഡ് അപകടാവസ്ഥയില്‍. പാതയില്‍ വിവിധ ഇടങ്ങളിലായി ചെറുതും വലുതുമായ മണ്ണിടിച്ചില്‍ ഉണ്ടായതും മഴ തുടരുന്നതുമാണ് ആശങ്കയ്ക്ക് കാരണം. പ്ലാപ്പള്ളിക്ക് സമീപം ഇടിഞ്ഞുവീണ റോഡ് പുനസ്ഥാപിക്കുന്നതിനുള്ള ശ്രമം യുദ്ധകാല അടിസ്ഥാനത്തില്‍ പുരോഗമിക്കുകയാണ്. പെരിയാര്‍ കടുവ സങ്കേതത്തിലൂടെ പന്പയിലേക്കുള്ള റോഡില്‍ അട്ടത്തോടിന് സമീപത്ത് നിന്നുള്ള കാഴ്ചയാണിത്. കൂറ്റന്‍ പാറയടക്കം റോഡിലേക്ക് മണ്ണിടിഞ്ഞ് വീണത് കഴിഞ്ഞ ദിവസമാണ്.

പ്ലാപ്പള്ളിക്ക് സമീപം ഉരുള്‍പൊട്ടലിന് സമാനമായി വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായപ്പോള്‍ റോഡിന്റെ ഒരു ഭാഗം ഇടിഞ്ഞുവീഴുകയും ബാക്കിയുള്ള ഭാഗത്ത് ബലക്ഷയമുണ്ടാവുകയും ചെയ്തു. വ്യാഴാഴ്ച മണ്ഡലകാലം ആരംഭിക്കുമെന്നിരിക്കെ ഇടക്ക് പെയ്യുന്ന കനത്ത മഴ കേടുപാട് പരിഹരിക്കുന്ന പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയാണ്. ചെറുതും വലുതുമായ മണ്ണിടിച്ചില്‍ അപകടമുണ്ടാക്കുന്നതിനൊപ്പം നീണ്ട ഗതാഗത കുരുക്കിനും വഴിവെക്കും. സമാന്തര ഗതാഗത സംവിധാനമില്ലാത്തതിനാല്‍ പമ്പ റോഡിലുണ്ടാവുന്ന ഏത് തരത്തിലുള്ള ഗതാഗത കുരുക്കും സങ്കീര്‍ണമായ പ്രശ്നമാകും. മഴക്ക് ശമനമുണ്ടായാല്‍ ആശങ്കക്ക് അടിസ്ഥാനമില്ലെന്നാണ് അധികൃതരുടെ വിശദീകരണം.