LiveTV

Live

Kerala

ദിവസം 4000 രൂപ വരുമാനമില്ലാത്ത കെഎസ്ആര്‍ടിസി ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

ദിവസം 4000 രൂപ വരുമാനമില്ലാത്ത കെഎസ്ആര്‍ടിസി ബസുകള്‍ ഓട്ടം നിര്‍ത്തുന്നു
Summary
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു.

കെഎസ്ആര്‍ടിസി ജീവനക്കാരുടെ ഡ്യൂട്ടി ക്രമീകരണത്തില്‍ കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പിലാക്കുന്നു. വരുമാന വര്‍ധനവ് ലക്ഷ്യമാക്കി നേരത്തെ കൊണ്ടുവന്ന പരിഷ്കാരങ്ങള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് മാറ്റങ്ങള്‍. നിര്‍ദേശങ്ങള്‍ പാലിക്കാതെ വന്നാല്‍ അധിക സാമ്പത്തിക ബാധ്യത ഡിപ്പോ മേധാവികളില്‍ നിന്ന് ഈടാക്കുമെന്നാണ് മുന്നറിയിപ്പ്.

ദിവസം 4000 രൂപ വരുമാനമില്ലാത്ത കെഎസ്ആര്‍ടിസി ബസുകള്‍ ഓട്ടം നിര്‍ത്തുന്നു

വരുമാനം വര്‍ധിപ്പിക്കാനുദ്ദേശിച്ച് ഷെഡ്യൂളുകളും ഡ്യൂട്ടിയും പുനക്രമീകരിക്കാന്‍ മാസങ്ങള്‍ക്ക് മുമ്പേ നിര്‍ദേശിച്ചിരുന്നെങ്കിലും ഇത് കൃത്യമായി പാലിക്കപ്പെടാത്തതിനാല്‍ ഉദ്ദേശിച്ച ഫലമുണ്ടായില്ലെന്നാണ് കെഎസ്ആര്‍ടിസി മാനേജ്മെന്‍റിന്‍റെ വിലയിരുത്തല്‍. ഇതേത്തുടര്‍ന്നാണ് പുതിയ നിര്‍ദേശങ്ങള്‍. 4000 രൂപയെങ്കിലും ദിവസ വരുമാനമില്ലാത്ത ബസുകള്‍ ഓടിക്കരുത്. ഇനി അവ ഓപറേറ്റ് ചെയ്യേണ്ട സാഹചര്യമുണ്ടായാല്‍ ചീഫ് ഓഫീസില്‍ നിന്ന് മുന്‍കൂര്‍ അനുമതി വാങ്ങണം. 5500 രൂപക്ക് മുകളില്‍ വരുമാനമില്ലാത്ത ഓര്‍ഡിനറികള്‍ക്ക് അലവന്‍സ് നല്‍കരുത്. ഓര്‍ഡിനറി ബസുകളില്‍ 10000 രൂപ വരുമാനമുള്ളവക്കും ഫാസ്റ്റ് പാസഞ്ചറുകളില്‍ 14000 രൂപ വരുമാനമുള്ളവക്കും മാത്രം ഡബിള്‍ ഡ്യൂട്ടി.

ജെന്‍‌റം ബസുകളില്‍ ഓര്‍ഡിനറിക്ക് 11000 രൂപയും എസിക്ക് 16000 രൂപയുമാണ് ഡബിള്‍ ഡ്യൂട്ടിയുടെ മാനദണ്ഡം. ഒന്നര ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ ഒന്നിടവിട്ട ദിവസങ്ങളിലായി മാസം 15 ദിവസം ജോലി ചെയ്യുന്ന വിധം ഡ്യൂട്ടി ക്രമീകരിക്കാനും നിര്‍ദേശമുണ്ട്. നാളെ മുതല്‍ പുതിയ പരിഷ്കാരം നടപ്പാക്കാനാണ് നിര്‍ദേശം. ഇതിന് വിരുദ്ധമായി അധിക അലവന്‍സുകളോ ഡ്യൂട്ടികളോ നല്‍കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക ബാധ്യത യൂണിറ്റ് മേധാവികളില്‍ നിന്ന് ഈടാക്കുമെന്ന മുന്നറിയിപ്പും മാനേജ്മെന്‍റ് നല്‍കിയിട്ടുണ്ട്.