LiveTV

Live

Kerala

ചക്കിട്ടപ്പാറ ഖനനം: അപേക്ഷ മൈനിങ് ട്രിബ്യൂണല്‍ തള്ളി

ചക്കിട്ടപ്പാറ ഖനനം: അപേക്ഷ മൈനിങ് ട്രിബ്യൂണല്‍ തള്ളി
Summary
എംഎസ്പിഎല്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചേക്കും

ചക്കിട്ടപ്പാറയില്‍ ഇരുമ്പയിര് ഖനനത്തിന് അനുമതി തേടി എംഎസ്പിഎല്‍ കമ്പനി നല്‍കിയ അപേക്ഷ മൈനിങ് ട്രിബ്യൂണല്‍ തള്ളി. അനുമതി നിഷേധിച്ച സംസ്ഥാന സര്‍ക്കാര്‍‌ ഉത്തരവ് ചോദ്യം ചെയ്ത് കമ്പനി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. പുതിയ സാഹര്യത്തില്‍ എംഎസ്പിഎല്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചേക്കും.

നിശ്ചിത കാലാവധിക്കുള്ളില്‍ എംഎസ്പിഎല്‍ കമ്പനിക്ക് പാരിസ്ഥിക അനുമതി അടക്കമുള്ള രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കഴിഞ്ഞ സര്‍ക്കാര്‍ ഖനനത്തിനുള്ള പ്രാഥമിക അനുമതി റദ്ദാക്കിയത്. ഇത് ചോദ്യം ചെയ്താണ് കമ്പനി കേന്ദ്ര മൈനിങ് ട്രിബ്യൂണലിനെ സമീപിച്ചത്. എന്നാല്‍ കമ്പനിയുടെ വാദങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജി മൈനിങ് ട്രിബ്യൂണലും തള്ളി. പാരിസ്ഥിതിക പ്രശ്നങ്ങളുണ്ടാവില്ല, പൊതുജനങ്ങള്‍ക്ക് എതിര്‍പ്പില്ല തുടങ്ങിയ വാദങ്ങളും കമ്പനി ട്രിബ്യൂണലിന് മുന്നില്‍ വെച്ചിരുന്നു. എന്നാല്‍ ജനകീയ പ്രതിഷേധം നടക്കുന്നത് അടക്കം ട്രിബ്യൂണല്‍ പരിഗണിച്ചു.

സംസ്ഥാന സര്‍ക്കാരിന് മുന്നില്‍ ഹാജരാക്കിയ അതേ പാരിസ്ഥിതിക ആഘാതം സംബന്ധിച്ച പഠന റിപ്പോര്‍ട്ടാണ് കമ്പനി ട്രിബ്യൂണലിന് മുന്നിലും വാദമായി ഉന്നയിച്ചത്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഉയര്‍ത്തിയ സംശങ്ങള്‍ക്ക് ഇപ്പോഴും ഉത്തരമില്ലെന്നും ട്രിബ്യൂണല്‍ നിരീക്ഷിച്ചു. മാത്രമല്ല സംസ്ഥാന സര്‍ക്കാര്‍ അനുമതി നിഷേധിക്കാനായി നിരത്തിയ വാദങ്ങള്‍ക്ക് നിയമത്തിന്‍റെ പിന്‍ബലമുള്ളതായും ട്രിബ്യൂണല്‍ കണ്ടെത്തി. നിശ്ചിത സമയത്തിനുള്ളില്‍ ഭരണഘടനപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനിക്കായില്ല. അതിനാല്‍ സംസ്ഥാന സര്‍ക്കാരിന് പ്രാഥമിക അനുമതി റദ്ദാക്കാന്‍ കഴിയും. സംസ്ഥാന സര്‍ക്കാര്‍ വനം, റവന്യു, മൈനിങ് വകുപ്പുകളുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് നടപടി സ്വീകരിച്ചത്. അതിനാല്‍ ഇരുമ്പയിര് ഖനനത്തിനുള്ള അനുമതി പിന്‍വലിച്ച സര്‍ക്കാര്‍ നടപടി നിലനില്‍ക്കുന്നതായും ട്രിബ്യൂണല്‍ ഉത്തരവില്‍ വ്യക്തമാക്കി. ഇതോടെ ചക്കിട്ടപ്പാറയില്‍ ഖനനത്തിന് അനുമതി തേടി സുപ്രീംകോടതിയെ സമീപിക്കുകയാണ് കമ്പനിക്ക് മുന്നിലുള്ള വഴി.