LiveTV

Live

Kerala

ഗവ. പ്ലീഡര്‍ നിയമനത്തില്‍ അട്ടിമറി; ആദിവാസി അഭിഭാഷകയെ ഒഴിവാക്കിയത് മുഖ്യമന്ത്രി ഇടപെട്ട്

ഗവ. പ്ലീഡര്‍ നിയമനത്തില്‍ അട്ടിമറി; ആദിവാസി അഭിഭാഷകയെ ഒഴിവാക്കിയത് മുഖ്യമന്ത്രി ഇടപെട്ട്
Summary
മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിന്ന് ഒന്നാംപേരുകാരിയായ ആദിവാസി അഭിഭാഷകയെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്.

‌‌‌കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണിലേക്കുളള ഗവ. പ്ലീഡര്‍ നിയമനത്തില്‍ അട്ടിമറി. മന്ത്രിസഭ അംഗീകരിച്ച പട്ടികയില്‍ നിന്ന് ഒന്നാംപേരുകാരിയായ ആദിവാസി അഭിഭാഷകയെ ഒഴിവാക്കിയാണ് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങിയത്. ആദിവാസി യുവതിയെ ഒഴിവാക്കിയത് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം. ഇത് തെളിയിക്കുന്ന മന്ത്രിസഭാ രേഖകളും മീഡിയവണിന് ലഭിച്ചു. മീഡിയവണ്‍ എക്സ്ലൂസീവ്.

കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിലേക്ക് 4 ഗവ. പ്ലീഡര്‍മാരെ നിയമിക്കാനായി അഡ്വക്കേറ്റ ജനറല്‍ സമര്‍പ്പിച്ച 12 പേരുടെ പട്ടികയില്‍ ആദ്യ പേരുകാരി ആയിരുന്നു തിരുവനന്തപുരം വഞ്ചിയൂര്‍ സ്വദേശിയും ആദിവാസി വിഭാഗക്കാരിയുമായി പി ജെ സിജ. ഈ പട്ടികയില്‍ നിന്ന് ആദ്യ 4 പേരെ നിയമിക്കണമെന്ന നിര്‍ദേശമാണ് നിയമവകുപ്പ് മന്ത്രിസഭക്ക് സമര്‍പ്പിച്ചത്. മാര്‍ച്ച് 29 ന് ചേര്‍ന്ന മന്ത്രിസഭായോഗം നിയമവകുപ്പിന്‍റെ നിര്‍ദേശം അംഗീരിച്ചു. എന്നാല്‍ ഉത്തരവ് ഇറങ്ങാന്‍ വൈകി. ഇത് സംബന്ധിച്ച ഫയല്‍ തിരികെ വിളിച്ച മുഖ്യമന്ത്രി ആദ്യ പേരുകാരിയായ സിജയെ ഒഴിവാക്കി ഉത്തരവിറക്കാന്‍ നിര്‍ദേശിക്കുകയായിരുന്നു. പുതിയ തീരുമാനം മെയ് 24 ചേര്‍ന്ന മന്ത്രിസഭായോഗം സാധൂകരിച്ചു. മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സിജയെ ഒഴിവാക്കിയതെന്ന് മെയ് 24 മന്ത്രിസഭക്ക് മുന്നില്‍ വന്ന കുറിപ്പ് വ്യക്തമാക്കുന്നുണ്ട്.

പ്ലീഡര്‍ നിയമനം സംബന്ധിച്ച് എല്‍ഡിഎഫില്‍ തര്‍ക്കമുണ്ടായെന്നാണ് സൂചന. എന്നാല്‍ ഇതിന്‍റെ പേരില്‍ ‍ ഒഴിവാക്കപ്പെട്ടത് ആദിവാസ അഭിഭാഷകയാണെന്നതാണ് സംഭവത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നത്.