LiveTV

Live

Kerala

ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ സെന്‍കുമാറിന് യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ഡി.ജി.പി സ്ഥാനത്തിരിക്കാന്‍ സെന്‍കുമാറിന് യോഗ്യതയില്ലെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍
Summary
കേസിൽ മുതിർന്ന അഭിഭാഷകൻ ഹരീഷ് സാൽവെയാണ് സർക്കാരിന് വേണ്ടി ഹാജരാകുന്നത്

ടി.പി സെന്‍കുമാറിനെ ഡിജിപിയായി പുനര്‍നിയമിക്കണമെന്ന സുപ്രിം കോടതി വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പുനപ്പരിശോധന ഹരജി നല്‍കി. വിധിയില്‍ വ്യക്തത തേടി ഹരജി നല്‍കിയതിന് പിന്നാലെയാണ് പുനപ്പരിശോധന ഹരജിയും സമര്‍പ്പിച്ചത്. വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ റെഢിയെ മാറ്റി ജേക്കബ് തോമസിനെ നിയമിച്ചതിലും, സെന്‍കുമാറിന്‍റെ പോസ്റ്റിംഗ് സംബന്ധിച്ചുമുള്ള ആശയക്കുഴപ്പം പരിഹരിക്കണമെന്നാണ് വ്യക്തത തേടിക്കൊണ്ടുള്ള ഹരജിയില്‍ പറയുന്നത്.

ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് ടി.പി സെന്‍കുമാറിനെ മാറ്റിയ 2016 ജൂണ്‍ 1ലെ സര്‍ക്കാര്‍ ഉത്തരവ് പൂര്‍ണ്ണമായും റദ്ദാക്കിയാണ് സുപ്രിം കോടതി നേരത്തെ വിധി പുറപ്പെടുവിച്ചത്. സെന്‍കുമാറിനെ മാറ്റി ലോക്നാഥ് ബെഹ്റയെ നിയമച്ചതിനൊപ്പം, വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് ശങ്കര്‍ റെഢിയെ മാറ്റി ജേക്കബ് തോമസിനെ നിയമിക്കുന്നതായും ഇതേ ഉത്തരവില്‍ പറയുന്നുണ്ട്. ഉത്തരവ് പൂര്‍ണ്ണമായും റദ്ദാകുമ്പോള്‍ ഈ നിയമനവും അസാധുവാകുമോ എന്നതാണ് വ്യക്തത തേടിയുള്ള ഹരജിയില്‍ സര്‍ക്കാര്‍ ഉന്നയിക്കുന്ന ചോദ്യം. സെന്‍കുമാറിനെ കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ നിയമിച്ചത് സ്റ്റെയ്റ്റ് ഹെഡ് ഓഫ് ദ പൊലീസായാണ്. എന്നാല്‍ ഇങ്ങനെ ഒരു തസ്തിക സംസ്ഥാനത്തില്ല. പകരം ഉള്ളത് സ്റ്റെയ്റ്റ് പൊലീസ് ചീഫ് എന്ന തസ്തികയാണ്. സെന്‍കുമാറിന് പുനര്‍നിയമനം നല്‍കേണ്ടത് ഹെഡ് ഓഫ് ദി പൊലീസായാണോ, അതോ സ്റ്റെയ്റ്റ് പൊലീസ് ചീഫായാണോ എന്നതാണ് മറ്റൊരു സംശയം. ഈ രണ്ട് കാര്യങ്ങളിലും വ്യക്തത ആവശ്യപ്പെട്ടാണ് സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍ ഹരജി നല്‍കിയിരിക്കുന്നത്. സെന്‍കുമാറിന്‍റെ നിയമനം നടപടിക്രമങ്ങള്‍ പാലച്ചായിരുന്നില്ലെന്ന വിമര്‍ശം സുപ്രിം കോടതി വിധിയില്‍ ഉന്നയിക്കുന്നുണ്ട്. അതേ വിധിയില്‍ തന്നെ സെന്‍കുമാറിനെ പുനര്‍ നിയമിക്കണമെന്നും പറയുന്നു. ഈ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് വിധി പുനപ്പരിശോധിക്കണമെന്നാവശ്യപ്പെട്ട് ഹരജി നല്‍കിയിരിക്കുന്നത്.