LiveTV

Live

Kerala

സര്‍ക്കാരിനെ സംരക്ഷിച്ച് സിപിഐയെ പ്രകോപിപ്പിക്കാതെ കോടിയേരി

Summary
ജിഷ്ണു കേസില്‍ സര്‍ക്കാരിന് വീഴ്ച വന്നിട്ടില്ല. ഡിജിപി ഓഫീസിന് മുന്നിലെ സമരത്തിന്‍റെ ആവശ്യം ഉണ്ടായിരുന്നില്ല. അത് ഒഴിവാക്കാമായിരുന്നു. രമണ്‍ ശ്രീവാസ്തവയെ മുഖ്യമന്ത്രിയുടെ ഉപദേശകാക്കുന്നതില്‍ തെറ്റില്ലെന്നും കോടിയേരി

കേന്ദ്രത്തിന്‍റെ ബലത്തില്‍ സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് ശ്രമമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. റേഷന്‍ സമ്പ്രദായം അട്ടിമറിക്കാനുള്ള കേന്ദ്ര നീക്കം സര്‍ക്കാരിനെതിരായ ജനവികാരം ഉണര്‍ത്താന്‍. സര്‍ക്കാരിനെതിരെ ജനവികാരം വളര്‍ത്താന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ട്. കേന്ദ്ര സര്‍ക്കാരാണ് ഇതിന് പിന്നില്‍. സര്‍ക്കാരിന് അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്ക് കോണ്‍ഗ്രസ് കൂട്ടു നില്‍ക്കുകയാണ്. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടുത്തിടെ സര്‍ക്കാരിനെതിരെ ഉന്നയിച്ച വിമര്‍ശങ്ങള്‍ ആയുധമാക്കാനാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നടത്തിയത്.

പ്രതിപക്ഷത്തിന് ആയുധമാകുന്ന തരത്തിലുള്ള വാക്കോ പ്രവൃത്തിയോ ഇടതുമുന്നണി ഘടകകക്ഷികളില്‍ നിന്നും ഉണ്ടാകാന്‍ പാടില്ല. സ്വന്തം രാഷ്ട്രീയ നിലപാട് വ്യക്തമാക്കാന്‍ എല്ലാ കക്ഷികള്‍ക്കും സ്വാതന്ത്ര്യമുണ്ട്. അഭിപ്രായ ഭിന്നത തുറന്നു പറഞ്ഞ് ആശയവ്യക്തത വരുത്താനുള്ള സ്വാതന്ത്ര്യവുമുണ്ട്. മുന്നണി യോജിച്ച് പ്രവര്‍ത്തിക്കുകയാണ് വേണ്ടത്. സിപിഐയും സിപിഎമ്മും കൂടുതല്‍ യോജിച്ച് പ്രവര്‍ത്തിക്കണം. അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണം. ചര്‍ച്ചയിലൂടെ പരിഹരിക്കാന്‍ പറ്റാത്ത പ്രശ്നങ്ങളൊന്നും മുന്നണിയിലില്ല. രാഷ്ട്രീയ പ്രശ്നങ്ങളില്‍ ഭിന്നാഭിപ്രായം ഉണ്ടാകണം. അത് തുറന്നു പറയുന്നതില്‍ തെറ്റില്ലെന്നും കോടിയേരി പറ‍ഞ്ഞു. ഭരണത്തെക്കുറിച്ചുള്ള അഭിപ്രായ വ്യത്യാസം പരസ്യപ്പെടുത്തുന്നത് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്തും. ശത്രുവര്‍ഗത്തിന്‍റെ കുത്തിത്തിരുപ്പുകള്‍ മുന്നണി യോജിച്ച് നേരിടണം.

നിലമ്പൂരില്‍ മാവോയിസ്റ്റുകള്‍ക്ക് നേരെ പൊലീസ് നടപടി അനിവാര്യമായിരുന്നു. ഇത് വ്യാജ ഏറ്റുമുട്ടലായി പ്രചരിപ്പിക്കുകയായിരുന്നു. നക്സലേറ്റ് വര്‍ഗീസ് കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലിലൂടെയായിരുന്നു. നിലമ്പൂരില്‍ നടന്നത് അത്തരത്തിലൊന്നല്ല. നിലമ്പൂരിലെ പൊലീസ് നടപടിയുടെ പേരില്‍ നടന്ന പ്രചരണങ്ങള്‍ അടിസ്ഥാനരഹിതമാണ്.

യുഎപിഎ ചുമത്തിയ കേസുകളില്‍ പുനഃപരിശോധന നടന്നുവരികയാണ്. സി.പി.എം യു.എ.പി.എക്ക് എതിരല്ല. മന്ത്രിസഭ തീരുമാനങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ എന്തെങ്കിലും തടസം നിലവിലില്ല. വിവരാവകാശ നിയമപ്രകാരം വിവരം നല്‍കേണ്ടതില്ലെന്ന നിലപാട് സര്‍ക്കാരിനില്ല. മന്ത്രിസഭ തീരുമാനം ഉത്തരവായി ഇറങ്ങിയാല്‍ മാത്രമെ ഇത് പങ്കുവയ്ക്കാവൂ എന്നാണ് കോടതി വിധി. ഇതില്‍ വ്യക്തത തേടിയാണ് കോടതിയെ സമീപിച്ചത്.

ജിഷ്ണു കേസില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചിട്ടില്ല. മുഖ്യമന്ത്രിയെ കുറ്റപ്പെടുത്തി ജിഷ്ണു കേസിലെ പ്രശ്നം പരിഹരിക്കാനാകില്ല. ജിഷ്ണുവിന്‍റെ കുടുംബത്തിന് എല്ലാ സഹായവും ചെയ്തു കൊടുക്കണമെന്നാണ് സിപിഎം നിലപാട്. സ്വാശ്രയ മാനേജ്മെന്‍റുകള്‍ക്കെതിരെ ആദ്യമായി കേസെടുത്തത് പിണറായി സര്‍ക്കാരാണ്. ഡിജിപി ഓഫീസിലേക്ക് മാര്‍ച്ച് ന‍ടത്തേണ്ട സാഹചര്യം നിലവിലുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയ ജിഷ്ണുവിന്‍റെ കുടുംബത്തിന് വിഷമതകളോ പരാതികളോ ഉണ്ടായിരുന്നെങ്കില്‍ അത് മുഖ്യമന്ത്രിയുടെ തന്നെ ശ്രദ്ധയില്‍പ്പെടുത്താമായിരുന്നു. സമര സ്ഥലത്തു നിന്നും മഹിജയെ നീക്കം ചെയ്യുക മാത്രമാണ് പൊലീസ് ചെയ്തത്. മഹിജക്കെതിരെ അതിക്രമം നടന്നതായി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമല്ല. അക്രമം നടന്നതായി തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയതാണ്.

കേസിലെ പ്രതികള്‍ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചതിന് സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തുന്നത് ശരിയല്ല. ജിഷ്ണു കേസിലെ നിലപാട് ഹൈക്കോടതി പുനഃപരിശോധിക്കണം. വളയത്തെ ഒരു നന്ദിഗ്രാമാക്കി മാറ്റാനായിരുന്നു കോണ്‍ഗ്രസും ബിജെപിയും ശ്രമിച്ചതെന്നും കോടിയേരി കുറ്റപ്പെടുത്തി.

മുന്നാറിലെ കുടിയേറ്റക്കാര്‍ക്ക് ഉപാധിരഹിത പട്ടയം എന്നാണ് സിപിഎം നിലപാട്. മൂന്നാറിന്‍റെ സംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണം. അനധികൃത കയ്യേറ്റം തടയണമെന്നു തന്നെയാണ് സിപിഎം നയം. ദേവീകുളത്ത് സബ്കളക്ടറെ തടഞ്ഞത് ശരിയായില്ല.

രമണ്‍ ശ്രീവാസ്തവയുടെ നിയമനത്തില്‍ അപാകതയില്ല. എല്‍.ഡി.എഫ് ഭരണകാലത്ത് ശ്രീവാസ്തവ ഡി.ജി.പിയായിരുന്നു. കാനം പറ‍ഞ്ഞ കാര്യങ്ങള്‍ അദ്ദേഹം ഡി.ജി.പിയാകുന്നതിന് മുമ്പ് ഉള്ളതാണ്. അത്തരം കാര്യങ്ങള്‍ നോക്കിയാല്‍ ഒരു നിയമനവും സാധ്യമാകില്ലെന്നും കോടിയേരി ചൂണ്ടിക്കാട്ടി.

രണ്ട് മുന്നണികളുടെയും ഭാഗമായി ഭരണത്തിലിരുന്ന പരിചയം സിപിഐക്കുണ്ട്. ഭരണകാര്യങ്ങളില്‍ സിപിഎമ്മിനെക്കാള്‍ പരിചയം സിപിഐക്കുണ്ട്. ഇത് സിപിഐ ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ല. മുഖ്യമന്ത്രിക്കോ സര്‍ക്കാരിനോ മുതലാളിയുടെ ഭാഷയില്ല. നേട്ടങ്ങളുടെ പങ്ക് അവകാശപ്പെടുന്നവര്‍ വീഴ്ചകളില്‍ ചെളിവാരിയെറിയരുത്. സിപിഐ ഉന്നയിച്ച വിഷയങ്ങള്‍ ഇടതുമുന്നണിയില്‍ ചര്‍ച്ച ചെയ്തിട്ടില്ല. സിപിഐ സംസ്ഥാന നേതൃത്വവുമായി ചര്‍ച്ച ചെയ്യുന്നതില്‍ സിപിഎം ഒരുക്കമാണ്. കേന്ദ്ര തലത്തില്‍ ചര്‍ച്ച വേണമെന്നാണ് കാനം ഉദ്ദേശിച്ചതെന്നാണ് തോന്നുന്നതെന്നും കോടിയേരി പറഞ്ഞു.