LiveTV

Live

Kerala

വിവാദ വിഷയങ്ങളില്‍ സ്വീകരിച്ചത് ഇടത് നിലപാട്, സിപിഎമ്മുമായി ചര്‍ച്ചയാകാമെന്ന് കാനം

 വിവാദ വിഷയങ്ങളില്‍ സ്വീകരിച്ചത് ഇടത് നിലപാട്, സിപിഎമ്മുമായി ചര്‍ച്ചയാകാമെന്ന് കാനം
Summary
മൂന്നാറില്‍ ഇടത് മുന്നണിക്ക് രണ്ട് നിലപാടില്ല. മുന്നണി നിലപാടാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്.

സിപിഎം ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് എണ്ണിപ്പറഞ്ഞ് മറുപടി നല്‍കി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. നിലന്പൂരിലെ മാവോയിസ്റ്റ് വേട്ട മുതല്‍ നക്സല്‍ വര്‍ഗ്ഗീസിനെ സര്‍ക്കാര്‍ കൊടും ക്രിമിനലാക്കിയത് വരെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷത്തിന്റെയല്ല, ഇടതുപക്ഷത്തിന്‍റെ നിലപാടാണ് സിപിഐ സ്വീകരിച്ചിട്ടുള്ളത്. എം എം മണിയും, ഇ പി ജയരാജനും വലിയ ആളുകളായത് കൊണ്ട് അവര്‍ക്ക് താന്‍ മറുപടി നല്‍കുന്നില്ലെന്നും കാനം പരിഹസിച്ചു.

ഇടതു സര്‍ക്കാര്‍ അധികാരമേറ്റെടുത്ത ശേഷം വിവിധ ഘട്ടങ്ങളില്‍ സിപിഐ ഉന്നയിച്ച വിമര്‍ശനങ്ങള്‍ കൂടുതല്‍ കടുത്ത ഭാഷയില്‍ ഉന്നയിക്കുകയായിരുന്നു കാനം രാജേന്ദ്രന്‍. സിപിഐ പ്രതിപക്ഷത്തെ പോലെ പ്രവര്‍ത്തിക്കുന്നുവെന്ന് പറഞ്ഞ സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ്കാരാട്ടിന് മറുപടി എന്ന നിലയിലാണ് പ്രതികരിച്ചതെങ്കിലും കാനത്തിന്‍റെ വാക്കുകള്‍ സിപിഎമ്മിനുള്ള വിമര്‍ശനങ്ങള്‍ തന്നെയായി മാറി.

നിലന്പൂരിലെ വ്യാജഏറ്റ്മുട്ടല്‍, നിരപരാധികള്‍ക്കെതിരെ പൊലീസ് യുഎപിഎ ചുമത്തിയത്, മന്ത്രിസഭതീരുമാനങ്ങള്‍ വിവരാവകാശം വഴി നല്‍കാത്തത്, വര്‍ഗ്ഗിസ് കൊടുക്രിമിനലാണെന്ന് കാട്ടി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത്, തുടങ്ങി എല്ലാ വിഷയങ്ങളിലും സിപിഐ സ്വീകരിച്ചത് ഇടതുനിലപാട് തന്നെയാണെന്ന് കാനം പറഞ്ഞു.

സിപിഎം നേതാക്കളായ ഇ പി ജയരാജനും, എം എം മണിയും കഴിഞ്ഞ ദിവസം നടത്തിയ വിമര്‍ശനങ്ങള്‍ ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ അവരൊക്കെ വലിയ ആളുകളാണെന്നായിരുന്നു കാനത്തിന്‍റെ മറുപടി.

പൊലീസിനെ കയറൂരി വിട്ടിരിക്കുകയാണെന്നും, സംസ്ഥാനത്ത് പൊലീസ് രാജാണോ നടക്കുന്നതെന്ന് സംശയമുണ്ടെന്നും രാവിലെ ചേര്‍ന്ന സിപിഐ എക്സിക്യൂട്ടീവ് യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു. ഇപി ജയരാജന്‍ ആരെ സംരക്ഷിക്കാന്‍ വേണ്ടിയുള്ള പുറപ്പാടാണ് നടത്തുന്നതെന്നും, മന്ത്രിസ്ഥാനത്തേക്ക് തിരികെ വരാനുള്ള നീക്കങ്ങളാണ് ഇപി നടത്തുന്നതെന്നും യോഗത്തില്‍ സംസാരിച്ച ഒരംഗം വിമര്‍ശം ഉന്നയിച്ചു.

സംസ്ഥാനത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ സിപിഐ തൃപ്തി രേഖപ്പെടുത്തിയിട്ടില്ലെന്ന് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് പറഞ്ഞു‍. ജിഷ്ണുവിന് അമ്മ മഹിജക്കെതിരായ പൊലീസ് നടപടി തെറ്റാണെന്ന മുന്‍ നലപാടില്‍ മാറ്റമില്ല. സമരം കൊണ്ട് എന്ത് നേടിയെന്ന് പണ്ട്കാലത്ത് മുതലാളിമാര്‍ ആണ് ചോദിച്ചിരുന്നതെന്നും കാനം പറഞ്ഞു. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവായി രമണ്‍ശ്രീവാസ്തവയെ നിയമിച്ചതിലെ അതൃപ്തിയും കാനം പരസ്യമായി പ്രകടിപ്പിച്ചു.

ഇടതുപക്ഷ മുന്നണിക്ക് ചേര്‍ന്ന ഒരു നടപടി അല്ല അതെന്ന് തന്നെയായിരുന്നു ജിഷ്ണുവിന്‍റെ കുടുംബത്തിനെതിരെ ഡിജിപി ഓഫീസിന് മുന്നില്‍ നടന്ന സംഭവങ്ങളെ കുറച്ചുള്ള ചോദ്യത്തിന് കാനത്തിന്റെ പ്രതികരണം.

മഹിജയുടെ സമരം ഒത്ത് തീര്‍ന്നതില്‍ കാനത്തിന് യാതൊരു പങ്കുമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് താനങ്ങനെ പറഞ്ഞെങ്കിലല്ലേ, മുഖ്യമന്ത്രിക്ക് അത് നിഷേധിക്കേണ്ടതുള്ളൂ എന്നായിരുന്നു കാനത്തിന്റെ മറുപടി.

കഴിഞ്ഞ പത്ത് മാസത്തെ പൊലീസിന്റെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ചോദിച്ചപ്പോള്‍, തങ്ങളുടെ എക്സിക്യൂട്ടീവ് തൃപ്തി രേഖപ്പെടുത്തി എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ എന്ന് പ്രതികരണം

ജിഷ്ണുവിന്‍റെ കുടുംബം സമരം കൊണ്ട് എന്ത് നേടിയെന്ന് മുഖ്യമന്ത്രി ചോദിച്ചത് ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ പണ്ട് ഇങ്ങനെ ചോദിച്ചിരുന്നത് മുതലാളിമാരായിരുന്നു എന്നായിരുന്നു കാനത്തിന് പറയാനുണ്ടായിരുന്നത്.

പൊലീസിന്‍റെ ഉപദേഷ്ടാവായി രമണ്‍ശ്രീവാസ്തവയെ നിയമിച്ചതിനെ എങ്ങനെ കാണുന്നുവെന്ന ചോദ്യത്തിന് അതിനുള്ള സ്വാതന്ത്ര്യമെങ്കിലും മുഖ്യമന്ത്രിക്ക് കൊടുക്കണമെന്ന് മറുപടി. മുന്നണിയെ ദുര്‍ബലപ്പെടുത്തുന്നതില്‍ നിന്ന് സര്‍ക്കാരിനെ തടഞ്ഞ് നിര്‍ത്തകുയാണ് സിപിഐ ചെയ്യുന്നതെന്നും കാനം പറഞ്ഞു